മട്ടാഞ്ചേരി: സെർവർ തകരാറിനെത്തുടർന്ന് റേഷൻ വിതരണം മൂന്നാം ദിവസവും പ്രതിസന്ധിയിൽ. ഫെബ്രുവരി മാസത്തെ റേഷൻ വിതരണത്തിന് മൂന്ന് പ്രവൃത്തി ദിവസം മാത്രം ബാക്കിയിരിക്കെയാണ് സെർവർ പണിമുടക്ക് തലവേദനയാകുന്നത്. മാസാവസാനമായതോടെ കാർഡുടമകൾ റേഷൻകടകളിൽ കൂടുതൽ വന്നുതുടങ്ങിയപ്പോഴാണ് പതിവ് തെറ്റിക്കാതെ സെർവർ തകരാർ ആരംഭിച്ചത്.
മൂന്നുദിവസം തുടർച്ചായി 11 മണിക്കുശേഷം ഒരു ഉപഭോക്താവ് ആറും ഏഴും തവണ ഇ-പോസ് മെഷീനിൽ കൈവിരൽ പതിക്കുമ്പോൾ മാത്രമാണ് ഒ.ടി.പിയെങ്കിലും ലഭിക്കുന്നത്. ഉച്ചവരെയുള്ള ഒന്നര മണിക്കൂറിൽ പത്തിൽ താഴെ ഉപഭോക്താക്കൾക്ക് മാത്രമാണ് റേഷൻ വിതരണം നടത്താൻ കഴിഞ്ഞതെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു.
ഹൈദരാബാദിലെ ആധാർ സെർവറാണ് ഇപ്പോൾ പ്രവർത്തനരഹിതമായതെന്നാണ് അറിയാൻ കഴിഞ്ഞത്. സാങ്കേതിക തകരാർ പരിഹരിക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ ഹൈദരാബാദിൽ പോയി ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഹെൽപ് ഡെസ്ക് സ്ഥാപിക്കുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. റേഷൻ വാങ്ങാൻ വരുന്ന ഉപഭോക്താക്കൾ ദുരിതത്തിലാകുന്ന സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.