തിരുവനന്തപുരം: സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും നിശ്ചയിച്ച് ഒാർഡിനൻസ് ഇറക്കുന്നതിന് ഗവർണർക്ക് ശിപാർശ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ, അക്കാദമിക് മേൽനോട്ടത്തോടൊപ്പം സ്വാശ്രയ കോളജുകളുടെ പ്രവർത്തനങ്ങളുടെ നിരീക്ഷണ മേൽനോട്ടവും സർവകലാശാലകളിൽ നിക്ഷിപ്തമാകും.
ജീവനക്കാരുടെ അച്ചടക്ക നിയന്ത്രണം മാനേജ്മെൻറുകൾക്ക് തന്നെയാകുമെങ്കിലും നടപടിക്കെതിെര സർവകലാശാലയിൽ അപ്പീൽ നൽകാം. സിൻഡിക്കേറ്റ് അപ്പീലുകളിൽ തീർപ്പുകൽപിക്കും. വിവിധ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നവരും മാനേജ്മെൻറും തസ്തിക, നിയമന കാലയളവ്, ശമ്പളവും ബത്തകളും അനുബന്ധ ആനുകൂല്യങ്ങളും ശമ്പള സ്കെയിൽ, ഇൻക്രിമെൻറ്, ഗ്രേഡ്, സ്ഥാനക്കയറ്റം തുടങ്ങിയവ സംബന്ധിച്ച പരസ്പര സമ്മതപ്രകാരമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കരാറിൽ ഏർപ്പെടണം.
ജോലി സമയം, ജോലിഭാരം, തൊഴിൽ ദിനങ്ങൾ തുടങ്ങിയവ സർക്കാർ/എയ്ഡഡ് കോളജുകളിലെ ജീവനക്കാർക്ക് സമാനമായിരിക്കും. അവധി അവകാശങ്ങൾ ഉറപ്പുനൽകും. അധ്യാപക-അനധ്യാപക ജീവനക്കാരുടെ പരാതി പരിഹരിക്കുന്നതിന് കോളജ് കൗൺസിൽ, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കമ്മിറ്റി തുടങ്ങിയവ രൂപവത്കരിക്കണം.
എല്ലാ ജീവനക്കാരെയും ഇ.പി.എഫിലും പെൻഷൻ പദ്ധതിയിലും നിർബന്ധമായും ചേർക്കണം. ജീവനക്കാരെ ആറു മാസത്തിനുള്ളിൽ ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കണം. സംസ്ഥാനത്ത് ആയിരത്തിലധികം സ്വാശ്രയ കോളജുകളിലായി അര ലക്ഷത്തോളം അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ഗുണകരമാകുന്നതാണ് ഒാർഡിനൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.