തിരുവനന്തപുരം: സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്‍റീൻ സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസമാക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികൾ ഉൾപ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫിസിൽ ഹാജരാകണം.
ആരോഗ്യവകുപ്പിന്‍റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയോ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക കാഷ്വൽ അവധി അനുവദിക്കും. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കപട്ടികയിൽ വന്ന ജീവനക്കാരൻ മൂന്നു മാസത്തിനിടയിൽ കോവിഡ് രോഗമുക്തനായ വ്യക്തിയാണെങ്കിൽ ക്വാറന്‍റീനിൽ പോകേണ്ടതില്ല. ഇവർ കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചും രോഗലക്ഷണങ്ങൾക്ക് സ്വയം നിരീക്ഷണത്തിൽ ഏർപ്പെട്ടും ഓഫിസിൽ ഹാജരാകുകയും രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടുകയും വേണം.
കോവിഡ് മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാർക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ ചികിത്സ കാലയളവ് മുഴുവൻ സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കും. ഈ സംവിധാനം ദുരുപയോഗം ചെയ്യുന്ന ജീവനക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.