കാസർകോട്: ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കേന്ദ്ര സർവകലാശാല അസി. പ്രഫസർക്കെതിരെ കേസെടുത്തു. ഇംഗ്ലീഷ്, താരതമ്യ സാഹിത്യ പഠന വിഭാഗം അസി. പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമിക അന്വേഷണത്തെ തുടർന്ന് അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. നടപടി കാലയളവിൽ സർവകലാശാല ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്നും വൈസ് ചാൻസലർ ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞ നവംബർ 13നാണ് പരാതിക്കാധാരമായ സംഭവം. ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സർവകലാശാലക്ക് അകത്തുള്ള ആശുപത്രിയിൽ ആരോപണ വിധേയൻ തന്നെ വിദ്യാർഥിനിയെ എത്തിക്കുകയും അവിടെ പെൺകുട്ടിയോട് സഭ്യേതരമായ നിലയിൽ പെരുമാറിയ അധ്യാപകനെ ആശുപത്രിയിലെ ഡോക്ടർ പുറത്താക്കുകയുമായിരുന്നു. തുടർന്ന് ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തു.
പെൺകുട്ടിയും സഹപാഠികളും വൈസ് ചാൻസലർക്ക് പരാതി നൽകിയപ്പോൾ പരാതി പൂഴ്ത്തിവെക്കാനും പിൻവലിപ്പിക്കാനും ശ്രമം നടന്നു. 32 ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് കുട്ടികൾ നൽകിയ പരാതി പൂഴ്ത്തിവെക്കാൻ ശ്രമം നടന്നപ്പോൾ 'മാധ്യമം ഓൺലൈനി'ലാണ് ആദ്യവാർത്ത വന്നത്. തുടർന്ന് വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങിയതോടെ സർവകലാശാല അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
പെൺകുട്ടിയുടെ രക്ഷിതാക്കൾ കലക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് വിദ്യാർഥിനിയുടെ മൊഴിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.