കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയാകുന്നവർ ഫോൺ കാളിലൂടെ പരാതി ഉന്നയിച്ചാൽ ഉടൻ നടപടിയുണ്ടാകുന്ന സംവിധാനം വേണമെന്ന് ഹൈകോടതി. ധൈര്യത്തോടെ വിളിച്ച് പരാതി ഉന്നയിക്കാൻ കഴിയുന്ന ടോൾ ഫ്രീ നമ്പർ അനിവാര്യമാണ്. നിലവിലെ നടപടികൾ പലതും കടലാസിൽ ഒതുങ്ങുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ലൈംഗികാതിക്രമത്തിന് ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നൽകിയ ഹരജി പരിഗണിക്കവെയാണ് ഇതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ നൽകിയത്. ഹരജി വീണ്ടും ജൂണ്‍ എട്ടിന് പരിഗണിക്കാൻ മാറ്റി.
അതിക്രമത്തിന് ഇരയാകുന്നവർക്ക് ഫോൺ കാളിലൂടെ പരാതി ഉന്നയിക്കാനും അതിൽ 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കാനും കഴിയണം. നിലവിലുള്ള 112 എന്ന ടോൾ ഫ്രീ നമ്പർ പരമാവധി പ്രചരിപ്പിക്കണം. ഇത്തരം പരാതികൾ ലഭിച്ചാൽ ഉടൻ ഇത് രജിസ്റ്റർ ചെയ്യുകയും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും വേണം. ഇത്തരം കാളുകൾ എടുക്കാൻ മതിയായ പരിശീലനം ലഭിച്ചവരെ മാത്രമേ നിയമിക്കാവൂ. ലൈംഗികാതിക്രമ, ബാലപീഡന പരാതികൾ ലഭിച്ചാൽ ഒരു മണിക്കൂറിനകം ഇരയെ നേരിട്ടോ ഫോണിലോ ബന്ധപ്പെടണം. ഒരു കാരണവശാലും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്. ഇരയുടെ വീട്ടിൽവെച്ചോ അവർ പറയുന്ന മറ്റെവിടെയെങ്കിലും വെച്ചോ ആയിരിക്കണം മൊഴി രേഖപ്പെടുത്തേണ്ടത്. രക്ഷിതാക്കളുടെയോ സാമൂഹിക പ്രവർത്തകരുടെയോ സാന്നിധ്യവും വേണം.
ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മൊഴിയെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. തുടർന്ന് ഉടൻ ഇരയുടെ സഹായത്തിനും പിന്തുണക്കുമായി വിക്ടിം ലെയ്സൺ ഓഫിസറെ ചുമതലപ്പെടുത്തണം. വിചാരണ പൂർത്തിയാകും വരെ നിയമസഹായം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.