കോഴിക്കോട്: പരാതിക്കാരി ലൈംഗിക ചോദന ഉണർത്തുന്ന വസ്ത്രം ധരിച്ചതിനാൽ സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമകേസ് നിലനിൽക്കില്ലെന്ന കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് ജുഡീഷ്യറിക്ക് നാണക്കേടാണെന്ന് അഡ്വ. സന്ധ്യ ജനാർദനൻ പിള്ള. വാർപ്പ് മാതൃകാ സങ്കല്പങ്ങളെ അടിസ്ഥാനപ്പെടുത്തിയും സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന മിഥ്യാ ധരണകൾ ഊട്ടി ഉറപ്പിക്കുന്ന തരത്തിലും കീഴ്കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന സുപ്രീം കോടതിയുടെ 2021ലെ കർക്കശമായ നിർദേശത്തെ മറികടന്നു കൊണ്ടാണ് ഇത്തരം പിന്തിരിപ്പൻ ഉത്തരവ് കീഴ്കോടതിയിൽ നിന്നും ഉണ്ടായതെന്നും സന്ധ്യ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
'പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നും പരാതിക്കാരി ലൈംഗിക ചോദന ഉണർത്തുന്ന (sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നിൽക്കില്ല'.
സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ബഹു കോഴിക്കോട് സെഷൻസ് കോടതിയുടെ 12-8-2022 ലെ ഉത്തരവിലെ പ്രസക്ത ഭാഗങ്ങളാണിവ.
ഈ സീരിസിലെ രണ്ടാമത്തെ ഉത്തരവാണിത്. വാർപ്പ് മാതൃകാ സങ്കല്പങ്ങളെ (ജൻഡർ stereotyping) അടിസ്ഥാന പ്പെടുത്തിയും സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന മിഥ്യാ ധരണകൾ ഊട്ടി ഉറപ്പിക്കുന്ന തരത്തിലും കീഴ്കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന അപർണ ഭട് v. സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസിലെ ബഹു സുപ്രീം കോടതിയുടെ 2021-ലെ കർക്കശമായ നിർദേശത്തെ മറികടന്നു കൊണ്ടാണ് ഇത്തരം പിന്തിരിപ്പൻ ഉത്തരവ് കീഴ് കോടതിയിൽ നിന്നും ഉണ്ടായത്.
ലൈംഗിക അതിക്രമ കേസുകളിൽ പ്രതികൾക്ക് ജാമ്യവും, മുൻകൂർ ജാമ്യവും ഒക്കെ കോടതികൾ അനുവദിക്കുന്നത് സർവ സാധാരണം. പക്ഷെ അതിനുള്ള കാരണങ്ങൾ നിരത്തുമ്പോൾ പരാതിക്കാരിയുടെ വസ്ത്രധാരണ രീതിയാണ് എല്ലാത്തിനും കാരണമെന്നും, അതുകൊണ്ട് തന്നെ പ്രതി യിൽ കുറ്റം ചാർത്താൻ കഴിയില്ലെന്നും മറ്റും ഇക്കാലത്തെ ഉത്തരവുകളിൽ എഴുതിപിടിപ്പിക്കുന്നത് ജുഡീഷ്യൽ സംവിധാനത്തിന് മൊത്തത്തിൽ നാണക്കേടാണ്. ബഹു. ഹൈക്കോടതിയുടെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണം. ജുഡീഷ്യറിയിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന ഇത്തരം വിധികൾക്ക് കടിഞ്ഞാണിടണം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.