കൊല്ലം: കൊല്ലം എസ്.എൻ കോളജിൽ ആക്രമണം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് വൈകുന്നുവെന്നും സംഭവദിവസത്തെ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും എ.ഐ.എസ്.എഫ്. എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പതിനാല് എ.ഐ.എസ്.എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത് . തലയ്ക്ക് ഗുരുതര പരിക്കേറ്റ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി നിയാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിൽ 25 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തെങ്കിലും മൂന്നു പേരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. അക്രമത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാത്തതിൽ എ.ഐ.എസ്.എഫ് ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്. എന്നാൽ കാമ്പസിലെ ലഹരി മാഫിയയ്ക്കെതിരെ പ്രതികരിച്ചതിനാലാണ് സംഘർഷം ഉണ്ടായതെന്ന് എസ്.എഫ്.ഐ പ്രവർത്തകർ പറയുന്നു.
സംഘർഷത്തിൽ പൊലീസ് നോക്കുകുത്തി ആയപ്പോൾ കോളജ് മാനേജ്മെന്റും എസ്.എഫ്.ഐ പ്രവർത്തകരെ സംരക്ഷിക്കുകയാണെന്ന് എ.ഐ.എസ്.എഫ് ജില്ലാ നേതൃത്വം പറയുന്നു. ആക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലം കോർപറേഷൻ യോഗം സി.പി.ഐ പ്രതിനിധികൾ ബഹിഷ്കരിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. എ.ഐ.എസ്.എഫ് ഇത്തവണ കോളജിൽ യൂനിറ്റ് രൂപവത്കരിക്കുകയും 15 സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ കാമ്പസിലെ മരച്ചുവട്ടിലിരുന്ന എ.ഐ.എസ്.എഫ് പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ വടിയും കല്ലും കൊണ്ട് എ.ഐ.എസ്.എഫുകാരെ ആക്രമിക്കുകയായിരുന്നു.
ചുറ്റുമതിൽ ചാടി വനിത കോളജ് വളപ്പിലൂടെ പുറത്തെത്തിയ വിദ്യാർഥിക്കും പരീക്ഷ എഴുതാനെത്തിയവർക്കും മർദനമേറ്റു. ചുറ്റുമതിൽ ചാടിക്കടന്ന് ചില വിദ്യാർഥികൾ സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ അഭയം തേടി. സംഘർഷത്തിനിടെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട വിദ്യാർഥിനിയെ സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എയും മറ്റ് നേതാക്കളും എത്തിയാണ് മോചിപ്പിച്ചത്. പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി ചേർന്നാണ് ആക്രമണം നടത്തിയതെന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു.
യൂനിയൻ തെരഞ്ഞെടുപ്പിൽ വർഷങ്ങളായി എസ്.എഫ്.ഐ പ്രതിനിധികൾ മാത്രം നാമനിർദേശം നൽകിയിരുന്ന എസ്.എൻ കോളജിൽ ഇത്തവണ എ.ഐ.എസ്.എഫ് 15 സീറ്റിൽ വിജയിച്ചതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചതത്രെ. രാവിലെ കോളജിലെത്തിയപ്പോൾ തന്നെ കാമ്പസിൽനിന്ന് പുറത്ത് പോകില്ലെന്ന് എസ്.എഫ്.ഐ ഭിഷണിപ്പെടുത്തിയിരുന്നതായി മർദനമേറ്റ വിദ്യാർഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.