കാലിക്കറ്റ് വാഴ്സിറ്റി യൂനിയന്‍ എസ്.എഫ്.ഐ തിരിച്ചുപിടിച്ചു

തേഞ്ഞിപ്പലം: മൂന്ന് വര്‍ഷത്തിനുശേഷം കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ഭരണം എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് വിജയം. കോഴിക്കോട്, മലപ്പുറം എക്സിക്യൂട്ടിവുകള്‍ മാത്രമാണ് കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് നേടാനായത്. മൂന്നുവര്‍ഷമായി കെ.എസ്.യു-എം.എസ്.എഫ് സഖ്യമാണ് യൂനിയന്‍ ഭരിക്കുന്നത്.

തുടര്‍ച്ചയായ മൂന്നുവര്‍ഷവും കൈവിട്ട യൂനിയന്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എസ്.എഫ്.ഐ ഗോദയിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ യു.യു.സിമാരെ അയോഗ്യരാക്കി ഈ വര്‍ഷത്തെ യു.യു.സിമാരെ വോട്ടര്‍മാരാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതിനെതിരെ പ്രതിഷേധം നിലനിന്നിരുന്നു. പ്രശ്ന സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം കാമ്പസിലുണ്ടായിരുന്നു.

കൂര്‍ക്കഞ്ചേരി ജെ.പി.ഇ ട്രെയിനിങ് കോളജിലെ വി.പി. ശരത്പ്രസാദ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലെ എം. അജയ്ലാല്‍ (വൈസ് ചെയര്‍മാന്‍), വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജിലെ സജിത ഈശ്വരമംഗലത്ത് (ലേഡി വൈസ് ചെയര്‍പേഴ്സന്‍), പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. കോളജിലെ നീരജ് കുട്ടന്‍ (ജനറല്‍ സെക്രട്ടറി), ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ മുഹമ്മദ് ഷെറിന്‍ (ജോ. സെക്രട്ടറി), പുല്‍പ്പള്ളി പഴശ്ശിരാജ കോളജിലെ ജില്‍ജോ രാജു (വയനാട് ജില്ലാ എക്സിക്യൂട്ടിവ് അംഗം), കെ.കെ.ടി.എം ഗവ. കോളജിലെ സി.ആര്‍. ശ്രീകാന്ത് (തൃശൂര്‍ ജില്ല എക്സിക്യൂട്ടിവ് അംഗം), ശ്രീകൃഷ്ണപുരം വി.ടി. ഭട്ടതിരിപ്പാട് കോളജിലെ ശ്യാം കാര്‍ത്തിക് (പാലക്കാട് ജില്ല എക്സിക്യൂട്ടിവ് അംഗം) എന്നിവരാണ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ പ്രതിനിധികള്‍.

മലപ്പുറം, കോഴിക്കോട് ജില്ല എക്സിക്യൂട്ടിവ് സ്ഥാനങ്ങള്‍ എം.എസ്.എഫിനാണ് ലഭിച്ചത്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ കെ.എം. ഇസ്മായില്‍ (മലപ്പുറം ജില്ല എക്സിക്യൂട്ടിവ് അംഗം), ഫാറൂഖ് കോളജിലെ സുഹൈബ് (കോഴിക്കോട് ജില്ല എക്സിക്യൂട്ടിവ് അംഗം) എന്നിവരാണ് എം.എസ്.എഫ് പ്രതിനിധികള്‍.  384 യു.യു.സിമാരായിരുന്നു വോട്ടര്‍മാര്‍. എന്നാല്‍, 371 വോട്ടുകള്‍ മാത്രമേ രേഖപ്പെടുത്തിയുള്ളൂ. എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ 51 മുതല്‍ 73 വരെ വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Tags:    
News Summary - sfi get calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.