തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനിടെയുണ്ടായ തർക്കത്തിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ സെനറ്റ് ഹാളിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ ബാലറ്റ് പേപ്പർ കൂട്ടത്തോടെ പൂഴ്ത്തിയതോടെ സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റദ്ദാക്കി. സംഘർഷത്തിൽ സർവകലാശാല സെനറ്റ് ഹാളിന്‍റെ വാതിലും കസേരകളും ഉൾപ്പെടെ തല്ലിത്തകർത്തു.
സെനറ്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യ റൗണ്ടിൽ കെ.എസ്.യു സ്ഥാനാർഥികളായ സൽമാൻ, സിംജോ എന്നിവർ വിജയിച്ചു. പിന്നാലെ എലിമിനേഷൻ രീതിയിൽ വോട്ടെണ്ണുന്ന രണ്ടാം റൗണ്ടിൽ എസ്.എഫ്.ഐ സ്ഥാനാർഥികൾ പുറത്താകുന്ന സാഹചര്യം വന്നതോടെയാണ് സംഘർഷം തുടങ്ങിയത്. എലിമിനേഷൻ രീതിയെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ രംഗത്തുവന്നു. ഇതിനെതിരെ കെ.എസ്.യു ഭാരവാഹികളും രംഗത്തുവന്നതോടെ ബഹളവും പോർവിളിയുമായി വോട്ടെണ്ണൽ നിർത്തിവെച്ചു. പിന്നാലെ ഏതാനും ബാലറ്റ് പേപ്പറുകൾ കാണാതായി.
കെ.എസ്.യുക്കാരാണ് ബാലറ്റ് മാറ്റിയതെന്നാരോപിച്ച് എസ്.എഫ്.ഐക്കാർ രംഗത്തുവന്നു. എന്നാൽ, പരാജയഭീതിയിൽ എസ്.എഫ്.ഐക്കാർ ഇടതുജീവനക്കാരുടെ ഒത്താശയോടെ ബാലറ്റുകൾ മാറ്റിയെന്ന് കെ.എസ്.യു ആരോപിക്കുന്നു. ഇതിനെച്ചൊല്ലി ഇരുവിഭാഗവും ഏറ്റുമുട്ടി. പിന്നാലെ എസ്.എഫ്.ഐക്കാരെ പൊലീസ് ഇടപെട്ട് ഹാളിൽനിന്ന് പുറത്തേക്കെത്തിച്ചു. പിന്നീട് എസ്.എഫ്.ഐ സെനറ്റ് ഹാളിന്‍റെ മുഴുവൻ വാതിലുകളും ഉപരോധിച്ചു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത കെ.എസ്.യുക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
പിന്നീട് സെനറ്റ് ഹാളിന്‍റെ പിറകിലെ വാതിൽ തകർത്ത് അകത്ത് കയറിയ എസ്.എഫ്.ഐക്കാർ കെ.എസ്.യു പ്രവർത്തകരെ നേരിട്ടു. സെനറ്റ് ഹാളിലെ കസേരകളുടെ പിടി പൊട്ടിച്ചെടുത്ത് എസ്.എഫ്.ഐക്കാർ ഏറ് നടത്തി. പൊലീസ് ഇരുവിഭാഗത്തിനുമിടയിൽ നിലയുറപ്പിച്ചതിനാൽ നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവായി. ഒടുവിൽ രാത്രി ഒമ്പതരയോടെ ഹാളിനകത്തുണ്ടായിരുന്ന കെ.എസ്.യുക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ കൊണ്ടുപോയതോടെയാണ് സംഘർഷം അയഞ്ഞത്. ഇവരെ പിന്നീട് വിട്ടയച്ചു.
നേരത്തേ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചിരുന്നു. ഇതിനു പിന്നാലെ സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പാണ് സംഘർഷത്തിൽ കലാശിച്ചതും റദ്ദാക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.