കോട്ടയം: സമ്പാദ്യമെല്ലാം ചേർത്തുവെച്ച് സ്വരുക്കൂട്ടിയ സ്വപ്നഭവനത്തിന് മുന്നിൽ നിന്നാണ് മരണം ഷാലറ്റിനെ ഒപ്പം ചേർത്തത്. മുണ്ടക്കയം ഇളംകാട് മുക്കുളത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച ഇളംകാട് ഓലിക്കൽ ഷാലറ്റിെൻറ (29) സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്.
പിക്അപ് വാഹനത്തിൽനിന്ന് ലഭിച്ചിരുന്ന വരുമാനവും കൂലിപ്പണിക്കാരനായ പിതാവിെൻറയും സമ്പാദ്യം ചേർത്ത് മാസങ്ങൾക്കുമുമ്പാണ് മുക്കുളത്ത് 10 സെൻറ് ഭൂമി വാങ്ങിയത്. ഇതിെൻറ ആധാരം നൽകി ബാങ്കിൽനിന്ന് 10 ലക്ഷം രൂപ വായ്പയെടുത്ത് വീട് പണി പൂർത്തീകരിക്കുകയായിരുന്നു. പാലുകാച്ചലിന് മുന്നോടിയായി വീടിെൻറ മിനുക്കുപണി നടത്തിവരികയായിരുന്നു.
വീടിെൻറ പണി നടക്കുന്നതിനാൽ ഷാലറ്റ്, പിതാവ് ബേബി, സഹോദരൻ ഷിേൻറാ, മാതാവ് ലീലാമ്മ എന്നിവർ ഇളംകാട് ടൗണിന് സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഉരുൾപൊട്ടലിൽ ഈ വീട് ഒലിച്ചുപോയി. ലീലാമ്മ വെള്ളം ഇരച്ച് വരുന്നത് കണ്ട് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ഈ സമയത്ത് പിതാവും സഹോദരനും ഷാലറ്റും പുതിയ വീട്ടിലായിരുന്നു. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഇവർ എത്തിയത്. വീട്ടിനുള്ളിൽ നിൽക്കുമ്പോൾ വലിയ ശബ്ദം കേട്ടു. ഇവർ പുറത്തിറങ്ങിയപ്പോൾ മേൽഭാഗത്തുള്ള ഒരു വീട് തകർന്ന് ഒഴുകി വരുന്നു. ഓടുവാൻ പിതാവ് ആവശ്യപ്പെടുകയും മരത്തിൽ കയറുകയും ചെയ്തു. ഷിേൻറാ ഓടി മറ്റൊരു പുരയിടത്തിൽ കയറി. ഷാലറ്റ് ഓടിയെങ്കിലും വെള്ളപ്പാച്ചിലിൽ അകപ്പെട്ടു.
പിതാവിനും സഹോദരനും നിസ്സഹായരായി നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ. നാട്ടുകാരും അഗ്നിരക്ഷ സേനയും ഷാലറ്റിനായി തിരച്ചിൽ നടത്തിയെങ്കിലും സംഭവം നടന്ന സ്ഥലത്തുനിന്ന് എട്ടു കിലോമീറ്റർ ദൂരെ മാറി കൂട്ടിക്കൽ വെട്ടിക്കാനത്തുനിന്ന് ഞായറാഴ്ച രാവിലെ ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. വീടിെൻറ പാലുകാച്ചൽ ചടങ്ങിനൊപ്പം വിവാഹം കൂടി കഴിക്കാമെന്ന മോഹവും ബാക്കി െവച്ചാണ് ഷാലറ്റ് യാത്രയായത്. കൂട്ടിക്കൽ ചപ്പാത്ത് സി.എസ്.ഐ പള്ളിയിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.