ചേര്‍ത്തല: ഷെയർ മാർക്കറ്റിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍നിന്ന് 7.65 കോടി തട്ടിയ സംഘത്തിലെ മൂന്നുപേര്‍ ചേർത്തല പൊലീസിന്റെ പിടിയിലായി. പണം നഷ്ടപ്പെട്ട ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ ചേര്‍ത്തല സ്വദേശിയായ ഡോ. വിനയകുമാറിന്റെയും ഭാര്യയും ത്വഗ്രോഗ വിദഗ്ധയുമായ ഡോ. ഐഷയുടെയും അക്കൗണ്ടില്‍നിന്നുമാണ് പണം തട്ടിയത്.
കോഴിക്കോട് കൊടുവള്ളി കൊടകുന്നുമ്മേല്‍ കുന്നയേര്‍ വീട്ടില്‍ മുഹമ്മദ് അനസ് (25), കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ ഉള്ളാട്ടന്‍പ്രായില്‍ പ്രവീഷ് (35), കോഴിക്കോട് കോര്പറേഷന് ചേവായൂര്‍ ഈസ്റ്റ് വാലി അപ്പാര്‍ട്ട്മെന്റ് അബ്ദുൽ സമദ് (39) എന്നിവരെയാണ് ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജി. പ്രൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇവരില്‍നിന്ന് 20 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ ഒരാളുടെ രണ്ട് സഹോദരിമാരും ഉടൻ പിടിയിലാകുമെന്ന് ചേർത്തല ഡിവൈ.എസ്.പി എസ്. ഷാജി ‘മാധ്യമ’ത്തോട് പറഞ്ഞു. സംഭവവുമായി നേരിട്ട് ബന്ധമുള്ള മലയാളികളായ രണ്ട് സ്ത്രീകളടക്കം നാലുപേര്‍ പൊലീസ് നിരീക്ഷണത്തിലാണ്.
സംഘത്തിലെ പ്രധാനികളെക്കുറിച്ച് അടക്കം പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പേര് ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു. ചാരിറ്റി പ്രവർത്തനത്തിനായുള്ള ഫണ്ട് സ്വരൂപിക്കുക, നിങ്ങൾക്ക് ഒരു സമ്മാനം കിട്ടി എന്നുള്ള സന്ദേശം, ടാസ്ക് നൽകിയുള്ള സന്ദേശം എന്നിവയൊക്കെയാണ് തട്ടിപ്പ് നടത്തുന്നതിനുള്ള ആദ്യ സന്ദേശമെന്നും ഡിവൈ.എസ്.പി പറഞ്ഞു. സംശയകരമായ സാഹചര്യമുണ്ടായാല്‍ പൊലീസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.