തിരുവനന്തപുരം: ഫലസ്തീൻ വിഷയത്തെക്കുറിച്ചും ഇന്ത്യയുടെ നയത്തെ കുറിച്ചും തന്നെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ശശി തരൂർ എം.പി. കെ.പി.സി.സിയുടെ ജവഹർലാൽ നെഹ്റു അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാസർ അറഫാത്തിനെ നാലഞ്ച് പ്രാവശ്യം നേരിൽ കണ്ട് സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയിട്ടുണ്ട്. അപ്പോഴും ഇപ്പോഴും എപ്പോഴും ഞങ്ങൾ ഫലസ്തീൻ ജനങ്ങൾക്കൊപ്പം നിൽക്കുന്നുണ്ട്. ഫലസ്തീനിയൻ സമുദായത്തിനകത്തുള്ള രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. അഞ്ചാഴ്ചയായി അവിടെയുള്ള ജനങ്ങൾ അനുഭവിക്കുന്ന ദുഃഖങ്ങളും ദുരന്തങ്ങളും നമ്മുടെ എല്ലാവരുടെയും ഹൃദയത്തിൽ തട്ടിയിട്ടുണ്ട്. ഇതൊരു കേരള രാഷ്ട്രീയത്തിന്റെ വിഷയമല്ല, ഇതൊരു മനുഷ്യാവകാശ വിഷയമാണെന്നും തരൂർ പറഞ്ഞു.
മുസ്‌ലിം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിൽ ഫലസ്തീൻ ചെറുത്തുനിൽപ് സംഘടന ‘ഹമാസി’നെ തരൂർ ഭീകരവാദികളെന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ചില നേതാക്കളുടെ പ്രസംഗം വിവാദമായത് മറക്കാനാണ് യു.ഡി.എഫ് കോഴിക്കോട്ട് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് പ്രതികരിച്ചിരുന്നു. കോഴിക്കോട് വേറെയും സ്ഥലങ്ങളുണ്ട് ഫലസ്തീൻ ഐക്യദാർഢ്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ വെച്ചും നടത്താം. നവ കേരള സദസ്സ് സംഘടിപ്പിക്കാൻ മാസങ്ങൾക്ക് മുമ്പേ തീരുമാനിച്ചതാണ്. ഇസ്രായേലിനെതിരെ നടത്തേണ്ട സമരം എൽ.ഡി.എഫ് സർക്കാരിനെതിരെ നടത്തുന്നത് ശരിയല്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.