തിരുവനന്തപുരം: നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേരു മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീബ രാമചന്ദ്രന്‍. കലണ്ടറുകൾ കത്തിച്ചാൽ ചരിത്രം ചാരമാവില്ലെന്നും ആധുനിക ഇന്ത്യയുടെ സ്രഷ്ടാവായ നെഹ്‌റുവാണ് ഇന്നു കാണുന്ന എല്ലാ നേട്ടങ്ങളും നമുക്ക് സമ്മാനിച്ചതെന്നും ഷീബ രാമചന്ദ്രൻ ഫേസ്ബുക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
കലണ്ടറുകൾ കത്തിച്ചാൽ ചരിത്രം ചാരമാവില്ല മോദീ...
ഏറ്റവും ഒടുവിൽ വിഖ്യാതമായ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേരു മാറ്റാൻ തീവ്ര ഫാസിസ്റ്റുകൾ തീരുമാനിച്ചിരിക്കുന്നു. ഇനി മുതൽ പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റി എന്നാണത്രേ അതിന്റെ പേര്. സ്വതന്ത്ര്യ ദിന സന്ദേശത്തിൽ പേരു മാറ്റൽ മോഡി പ്രഖ്യാപിച്ചു.
1964 ൽ നെഹറുവിന്റെ നിര്യാണത്തെ തുടർന്നാണ് മ്യൂസിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. നെഹ്റുവിന്റേയും ഇന്ദിരാ ഗാന്ധിയുടേയും പേരുകൾ കേൾക്കുന്നത് മോഡിക്ക് സഹിക്കാൻ കഴിയുന്നില്ല. അണയാൻ പോകുന്ന ദീപം ആളിക്കത്തുന്നതാണ് ഈ കാണുന്നത്. ഫാസിസ്റ്റുകൾ എത്രമാത്രം അസഹിഷ്ണുതയിലാണ് എന്നതിന്റെ ദൃഷ്ടാന്തമാണ് രാജ്യരക്ഷാ മന്ത്രി രാജ് നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന സൊസൈറ്റിയുടെ അടിയന്തിര തീരുമാനം. സൊസൈറ്റിയുടെ ഉപാദ്ധ്യക്ഷനായ രാജ്നാഥ് സിങ്ങും സംഘവും കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ പശ്ചാത്തലത്തിലാണ് അത്യന്തം അപലപനീയമായ ഈ നീക്കം നടത്തിയത്.
ഹിന്ദു രാഷ്ട്ര വാദികളായ സംഘ് പരിവാർ ശക്തികളുടെ നിതാന്ത ശത്രു നെഹ്റു തന്നെയായിരുന്നു. നെഹ്‌റുവിന്റെ മത നിരപേക്ഷ ആശയങ്ങൾ അവരുടെ ഉറക്കം കെടുത്തിയിട്ട് കാലമേറെയായി. നെഹ്റുവിന്റെ ജനാധിപത്യ-മതേതര- സോഷ്യലിസ്റ്റ് ദർശനങ്ങൾ അവരെ അങ്ങേയറ്റം അസ്വസ്ഥരാക്കുന്നു. ലാഹോർ കോൺഗ്രസ്സിൽ 1929ൽ നെഹ്റു പൂർണ്ണ സ്വരാജ് പ്രഖ്യാപിക്കുകയും ജനാധിപത്യ- സോഷ്യലിസ്റ്റ് ഇന്ത്യയെക്കുറിച്ചു പറയുകയും ചെയ്യുമ്പോൾ സാമ്രാജ്യത്വവുമായി സന്ധിചെയ്യുകയും ചങ്ങാത്തത്തിൽ ഏർപ്പെടുകയുമായിരുന്നു ഹിന്ദുത്വ വാദികൾ.
ദീർഘമായ 9 വർഷക്കാലം ജയിലുകളിൽ നെഹ്റു കഴിഞ്ഞപ്പോൾ ദേശീയ പ്രസ്ഥാനത്തിൽ ഒരിടത്തും ഹിന്ദു മഹാസഭയെയും രാഷ്ട്രീയ സ്വയം സേവക് സംഘിനെയും കണ്ടിരുന്നില്ല. 16 സംവത്സരക്കാലം പ്രധാന മന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു താമസിച്ച വസതി മാത്രമല്ല തീൻ മൂർത്തി ഭവൻ. അത് രാഷ്ട്രത്തിന്റെ വികാരോജ്വലമായ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.
വിശ്വപൗരനായ നെഹ്റുവിന്റെ വീക്ഷണങ്ങൾ ചരിത്രത്തിൽ നിന്ന് മാച്ചുകളയാൻ കഴിയില്ല. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവായ നെഹ്‌റുവാണ് നാം ഇന്നു കാണുന്ന എല്ലാ നേട്ടങ്ങളും നമുക്ക് സമ്മാനിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ, ദേശവൽകൃത ബാങ്കുകൾ, സമസ്ത മേഖലയിലും നാം തുടങ്ങിയതെല്ലാം വിറ്റുതുലക്കുന്ന അഭിശപ്തമായ കാലമാണിത്. ഇന്ത്യ എന്ന മഹാ ആശയമാണ് ഇവിടെ അടിച്ചു തകർക്കപ്പെടുന്നത്. ചരിത്രത്തിന്റെ അപനിർമ്മിതി നടത്തുന്ന നിങ്ങൾക്ക് ഈ നാട്ടിന്റെ ചരിത്രമറിയില്ല.
സംയമനത്തോടെ, ശാന്തമായി ഇന്ത്യൻ ഫാസിസ്റ്റുകൾ നെഹ്‌റുവിനെ പഠിക്കുക. പതിമൂന്നു വയസ്സുളള ഇന്ദിരക്ക് ജയിലുകളിൽ നിന്നെഴുതിയ കത്തുകളിലൂടെയാവട്ടെ തുടക്കം. വിശ്വചരിത്രാവലോകവും ഇന്ത്യയെ കണ്ടെത്തലും ആത്മകഥയും വായിക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾക്ക് തിളക്കം കൂടും. മഞ്ഞക്കണ്ണടയില്ലാതെ സുതാര്യമായി കാര്യങ്ങൾ പഠിക്കാൻ കഴിയും. അതും പോരായെന്ന് തോന്നുവെങ്കിൽ നെഹ്റു എഴുതി തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖം കൂടി മനസ്സിരുത്തി വായിക്കൂക. നെഹ്‌റുവിനെ നിങ്ങൾക്ക് കൃത്യമായി മനസ്സിലാവും.
✍️ ഷീബ രാമചന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.