മംഗളൂരു: ഷിരൂർ അംഗോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ മൂന്നുപേർക്കായുള്ള തിരച്ചിൽ ചൊവ്വാഴ്ചമുതൽ റിട്ട. മേജർ ജനറൽ ഇന്ദ്രപാലിന്റെ നേതൃത്വത്തിൽ നടക്കും. ഇതു സംബന്ധിച്ച് തിങ്കളാഴ്ച ഡ്രഡ്ജർ സാങ്കേതിക വിദഗ്ധർക്ക് ഉത്തര കന്നട ജില്ല പൊലീസ് സൂപ്രണ്ട് എം. നാരായണൻ നിർദേശം നൽകി. ഷിരൂർ മേഖലയിൽ മഴയുണ്ടെങ്കിലും റെഡ് അലർട്ട് വേളയിൽ മാത്രം തിരച്ചിൽ നിർത്തിവെച്ചാൽ മതിയെന്ന് ജില്ല ഭരണകൂടം തീരുമാനിച്ചു.
അർജുന്റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും ഡ്രഡ്ജറിൽ ഇന്ദ്രപാലുമായി സംസാരിച്ചു. തിരച്ചിൽ ആഴ്ചകൂടി തുടരാൻ തീരുമാനിച്ചു. അർജുന്റെ ബന്ധുക്കളും ലോറി ഉടമ മനാഫും തിരച്ചിലിൽ ഇതുവരെ കിട്ടിയ വാഹനഭാഗങ്ങൾ പരിശോധിച്ചു. അർജുൻ ഓടിച്ച ലോറിയുടെ ഭാഗങ്ങൾ അവയിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു. ടാങ്കറിന്റെ ഭാഗങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സതീഷ് സെയിൽ എം.എൽ.എ ജില്ല പൊലീസ് സൂപ്രണ്ടിനൊപ്പം കാര്യങ്ങൾ വിലയിരുത്തി.
അർജുന്റെ ബന്ധുക്കളുടെ അഭിപ്രായം ആരാഞ്ഞപ്പോൾ തൃപ്തികരം എന്നായിരുന്നു പ്രതികരണം. നാവികസേന അടയാളപ്പെടുത്തിയ നാലാമത്തെ പോയന്റിലാണ് ഇന്ദ്രപാലിന്റെ മേൽനോട്ടത്തിൽ ഡ്രഡ്ജർ സഹായത്തോടെ ചൊവ്വാഴ്ച തിരച്ചിൽ നടത്തുക. അർജുൻ ഓടിച്ച ലോറി ഈ മൺതിട്ടക്കടിയിൽ ഉണ്ടാവാമെന്ന പ്രതീക്ഷയിലാണ് തിരച്ചിൽ. ഞായറാഴ്ച തിരച്ചിലിൽ കണ്ടെത്തിയ അസ്ഥി മൃഗത്തിന്റേതാണെന്ന് രാസപരിശോധനയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.