അർജുൻ, വിദ്വേഷ വിഡിയോ പ്രചരിപ്പിച്ച യൂട്യൂബർ ബൈജു, മനാഫ്

മനാഫിനെതിരെ വിദ്വേഷപ്രചാരണവുമായി സംഘ്പരിവാർ അനുകൂല യൂട്യൂബർ; അർജുന്റെ മൃതദേഹം കിട്ടിയതോടെ ഡിലീറ്റ് ചെയ്തു

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് ഗംഗാവലി പുഴയിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടി 71 രാപ്പകലുകൾ മലയാളക്കര മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്നപ്പോൾ, തെരച്ചിലിനായി ശരീരവും മനസ്സും ഉഴിഞ്ഞുവെച്ച മനുഷ്യനുണ്ടായിരുന്നു. ലോറി ഉടമ മനാഫ്. അര്‍ജുന്‍ വളരെ ആരോഗ്യവും മനക്കരുത്തുമുള്ളയാളാണെന്നും അവന്‍ തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം തുടക്കം മുതൽ ആവർത്തിച്ച് പറഞ്ഞിരുന്നു. വണ്ടിയില്‍ 10 ലിറ്റര്‍ വെള്ളമുണ്ടെന്നും അത് അർജുന് കൈയ്യെത്തിപ്പിടിക്കാൻ കഴിഞ്ഞാൽ ജീവൻ നിലനിൽക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചിരുന്നു. പ്രതിസന്ധിയെ നേരിടാന്‍ കഴിവുള്ള അർജുൻ തിരിച്ചുവരുമെന്ന് തന്നെയായിരുന്നു തിരച്ചിൽ തുടങ്ങിയ ആദ്യത്തെ ദിനങ്ങളിലെ ആത്മവിശ്വാസം. എന്നാൽ, എല്ലാം അസ്ഥാനത്താക്കി ലോറിയും ജീവനറ്റ ശരീരവും രണ്ടര മാസത്തിന് ശേഷം ഗംഗാവലിയുടെ ആഴങ്ങളിൽനിന്ന് ഇന്ന് ക​ണ്ടെടുത്തിരിക്കുന്നു.

'പലരും ഇട്ടേച്ച് പോയി. ഇട്ടേച്ച് പോകാന്‍ തോന്നിയില്ല. ഞാന്‍ പോയിട്ടും ഇല്ല. ഞാന്‍ ആദ്യമേ പറയുന്നുണ്ട്. വണ്ടിക്കുള്ളില്‍ അവന്‍ ഉണ്ടെന്ന്. അത് ഇപ്പോ എന്തായാലും ശരിയായി. ഇനി ഇപ്പോ അവനെ എടുക്കും. അവന്റെ അച്ഛന് കൊടുത്ത വാക്ക് ഉണ്ട്. കൊണ്ടുവരുമെന്ന്. ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞില്ല. ഇങ്ങനെയെങ്കിലും എത്തിച്ചു' -മൃതദേഹം കിട്ടിയെന്നറി​ഞ്ഞപ്പോൾ വികാരനിർഭരനായി മനാഫ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയായിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിലെല്ലാം മനാഫിന്റെ മനുഷ്യത്വത്തെയും കാത്തിരിപ്പിനെയും പ്രശംസിച്ച് പ്രമുഖരടക്കം രംഗത്തുവന്നു. അതിനിടെ, ഈ മനുഷ്യനെതിര​െ കടുത്ത വിദ്വേഷ പ്രചരണവുമായി ചിലർ തലപൊക്കി. സംഘ്പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ബൈജു വി.കെ എന്നയാളുടെ ചാണക്യ ന്യൂസ് ടി.വി എന്ന യൂട്യൂബ് ചാനൽ ഉദാഹരണം.

മനാഫിനെ സംശയമുനയിൽ നിർത്തി എട്ട് വിഡിയോകളാണ് ഇയാൾ പലതവണയായി ചെയ്തത്. മനാഫിന് കള്ളക്കടത്താണെന്നും അർജുനെയും ലോറിയെയും ഒളിപ്പിച്ചതാണെന്നും വരെ ഇയാൾ വ്യാജാരോപണമുന്നയിച്ചു. മനാഫ് അന്വേഷണം വഴിതെറ്റിച്ചു, തുടർച്ചയായി ​തെരച്ചിൽ നടത്തിച്ച് സർക്കാറിന്റെ കോടികൾ പാഴാക്കി തുടങ്ങിയ ആരോപണങ്ങളും തൊടുത്തുവിട്ടു. ഒടുവിൽ മനാഫ് പറഞ്ഞതിന് സമീപത്തുനിന്ന് ഇന്ന് മൃതദേഹം കിട്ടിയപ്പോൾ ‘മനാഫ് അഗ്നിശുദ്ധി തെളിയിച്ചു’ എന്ന പേരിൽ ഇറക്കിയ വിഡിയോയിലും കടുത്ത വർഗീയ ആരോപണങ്ങളാണ് ഈ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുന്നത്. അതിനുപിന്നാലെ പഴയ വിഡിയോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.




കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും അപകടത്തിൽ മരിച്ചാൽ ആശ്രിതർക്ക് സർക്കാർ ജോലി നൽകില്ലെന്നും അത് മുസ്‍ലിംകൾക്ക് മാത്രമേ നൽകൂ എന്നും ഇന്നത്തെ വിഡിയോയിൽ ബൈജു പച്ച നുണ പറയുന്നുണ്ട്. ഇതിന്റെ പേരിൽ തന്നെ ജയിലിലടച്ചാലും കുഴപ്പമില്ലെന്നാണ് ഇയാൾ പറയുന്നത്. ഇതടക്കം കടുത്ത വിദ്വേഷപ്രസ്താവനകളാണ് ചാനലിൽ ഉടനീളമുള്ളത്. വർഗീയ വിദ്വേഷത്തിന് ഇയാളെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങി പഴയ പണി വർധിത വീര്യത്തോടെ വീണ്ടും തുടരുകയാണ് ചെയ്യുന്നത്. 

Full View













Tags:    
News Summary - shirur ankola landslide arjun missing: hate against lorry owner manaf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.