കൊച്ചി: അനധികൃതമായി നേടിയ പണമാണെന്ന് അറിഞ്ഞുതന്നെ സ്വപ്നയെ ശിവശങ്കർ സഹായിച്ചതായി വ്യക്തമാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). തെളിവുകളുമായി ചോദ്യം ചെയ്തപ്പോൾ ശിവശങ്കർ ഒഴിഞ്ഞുമാറുകയും സഹകരിക്കാതിരിക്കുകയുമാണ്. അനധികൃതമായി നേടിയ പണത്തിൽ ശിവശങ്കറിന് താൽപര്യമുണ്ടായിരുന്നെന്ന് ഇടപാടുകളിൽ വ്യക്തമാണെന്നും സ്വപ്ന സുരേഷിനെ സഹായിക്കാൻ ചാർട്ടേഡ് അക്കൗണ്ടൻറിനോട് പറഞ്ഞത് തെളിവാണെന്നും ഇ.ഡി റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കുറ്റകൃത്യത്തിൽനിന്ന് നേടിയ പണം ശിവശങ്കറിേൻറതാവാൻ സാധ്യതയുണ്ടെന്നാണ് ഇ.ഡി വിലയിരുത്തൽ. നയതന്ത്ര ചാനൽ വഴി എത്തിയ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന ആവശ്യപ്പെട്ടതുപ്രകാരം മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതായി ഈ മാസം 15ന് ചോദ്യം ചെയ്യലിൽ ശിവശങ്കർ സമ്മതിച്ചിരുന്നു. സ്വപ്ന നടത്തിയ കുറ്റകൃത്യങ്ങൾ ശിവശങ്കറുടെ അറിവോടെയാണെന്ന് ഇത് വ്യക്തമാക്കുന്നു. കസ്റ്റംസ് പരിശോധിക്കേണ്ട ഏതാനും നയതന്ത്ര ബാഗേജുകൾ വിട്ടുകിട്ടാൻ 2019 ഏപ്രിലിൽ ശിവശങ്കർ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ബുധനാഴ്ചത്തെ ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങൾ ശിവശങ്കർ നിഷേധിച്ചു.
വാട്സ്ആപ് ചാറ്റുകൾ കൈവശമുണ്ടെന്നും 2019 ഏപ്രിൽ മുതൽ കസ്റ്റംസ് ക്ലിയറൻസിന് ശിവശങ്കർ സഹായിച്ചതായി തെളിഞ്ഞെന്നും ഇ.ഡി വ്യക്തമാക്കി. 2019 ഏപ്രിലിൽ കസ്റ്റംസ് ക്ലിയറൻസിന് ശിവശങ്കർ ഇടപെട്ട് രണ്ടുമാസത്തിന് ശേഷം 2019 ജൂലൈയിലാണ് പ്രതികൾ ഡമ്മി ബാഗേജുകൾ അയച്ച് പരീക്ഷണം നടത്തിയത്. ഇത് ഒരുപക്ഷേ ഡമ്മി ബാഗേജോ സ്വർണം അടങ്ങിയ ബാഗേജോ ആയിരിക്കാമെന്നും ഇ.ഡി പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യത്തിൽ പ്രതി ഏർപ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകൾ ലഭിക്കുകയും നിരവധി പേരുടെ മൊഴി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കർ. കുറ്റകൃത്യത്തിലൂടെയുള്ള വരുമാനത്തെയും അതിെൻറ ഉപയോഗത്തെയും കുറിച്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.