നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടതായി ശിവശങ്കർ സമ്മതിച്ചെന്ന് ഇ.ഡി

കൊച്ചി: നയതന്ത്ര ബാഗേജ് വിട്ടുകിട്ടുന്നതിനായി ഇടപെട്ടുവെന്ന് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സമ്മതിച്ചതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇതിനായി ശിവശങ്കർ കസ്റ്റംസിലെ ഉന്നതോദ്യോഗസ്ഥനെ വിളിച്ചു. 2019 ഏപ്രിലിൽ ആയിരുന്നു ഇത്. ഒക്ടോബർ 15ന് നടത്തിയ ചോദ്യംചെയ്യലിൽ ശിവശങ്കർ ഇക്കാര്യം സമ്മതിച്ചതായി ഇ.ഡി അറസ്റ്റ് മെമ്മോയിൽ പറയുന്നു. എന്നാൽ, സ്വർണം കടത്തിയ ബാഗേജ് വിട്ടുകിട്ടാനായാണോ ഇടപെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. 

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്‍റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തതിലും ശിവശങ്കറിന് പങ്കുള്ളതായി ഇ.ഡി പറയുന്നു.

സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബുധനാഴ്ച രാത്രിയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

ഇന്ന് രാവിലെ 11ഓടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ശിവശങ്കറിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നു. കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.