കോഴിക്കോട്: അഭിവന്ദ്യനായ പാലാ ബിഷപ്പ് ക്രിസ്ത്യൻ സമുദായത്തിന്‍റെ വലിയ ആശങ്ക വെളിപ്പെടുത്തിയപ്പോൾ അതിനെ ഭീഷണികൊണ്ട് അമർച്ച ചെയ്യാനാണ് സമസ്തയും കാന്തപുരവും ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ.പള്ളിമേടക്കകത്ത് സഭാവിശ്വാസികൾ ജാഗ്രത പാലിക്കേണ്ട ഒരു വിഷയത്തെ കുറിച്ചു സംസാരിച്ചതിനു ബിഷപ്പിനെ കുരിശിലേറ്റുകയാണ്. പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കും സംസ്ഥാന സർക്കാറിലെ ഒരു മന്ത്രി അദ്ദേഹത്തെ സന്ദർശിച്ചത് സർക്കാർ നിലപാടല്ലെന്ന് വ്യക്തമാക്കണമെന്ന സമസ്തയുടെ പ്രസ്താവനക്കും ഭീഷണിയുടെ സ്വരമാണെന്ന് ശോഭ ആരോപിച്ചു.
''സി.പി.എമ്മും സർക്കാരും തങ്ങളോടൊപ്പമാണെന്ന് വ്യക്തമാക്കുകയാണ് സമസ്ത. ഇടത് മുന്നണി ക്രിസ്ത്യൻ സമുദായത്തോട് കാണിക്കുന്ന നിലപാട് തങ്ങളോട് എടുത്താൽ ഒരു കാലത്തും അധികാരത്തിൽ വരാൻ കഴിയില്ലെന്ന ധ്വനി കൂടെയുണ്ട് സമസ്തയുടെ പ്രസ്താവനക്ക്. 1987ൽ നായനാർ ശരീഅത്തിനെതിരെ നിലപാട് സ്വീകരിച്ചു അധികാരത്തിൽ വന്നെങ്കിലും പിന്നീടൊരിക്കലും സി.പി.എമ്മിന് ആ നിലപാട് തുടരാൻ കഴിഞ്ഞില്ല. ആഗോള തീവ്ര ഇസ്ലാമിക ശക്തികളുടെ നിലപാടുകളാണ് സി.പി.എം അതിന് ശേഷം സ്വീകരിച്ചിട്ടുള്ളത്. സദ്ദാം ഹുസൈൻ വിഷയത്തിലും, ഹാഗിയ സോഫിയ വിഷയത്തിലും, പലസ്‌തീനിൽ മലയാളിയായ സൗമ്യ ഹമാസ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴും നാം ഇത് കണ്ടതാണ്. ഭീകരവാദികളുടെ തടവറയിലായ പിണറായി വിജയന് ആർജ്ജവമുണ്ടെങ്കിൽ സമസ്തക്ക് ഉടൻ മറുപടി നൽകണം. കേരളത്തിലെ മറ്റു സമുദായങ്ങളോടുള്ള വേർതിരിവ് അവസാനിപ്പിക്കണം. പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാൻ നാർക്കോട്ടിക് ജിഹാദിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം''. -ശോഭ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.