ഷൂ എറിയാൻ അണികളെ ഇറക്കിവിട്ടത് സതീശനും സംഘവുമെന്ന് ഇ.പി. ജയരാജൻ: ‘എൽ.ഡി.എഫ് പ്രവർത്തകർ സംയമനം പാലിക്കണം’

കണ്ണൂർ: നവകേരള സദസ്സിനെതിരായ പ്രതിഷേധവും അക്രമവും കോൺഗ്രസ് ഗൂഢാലോചനയാണെന്നും ഇതിനെതിരെ മുന്നണി പ്രവർത്തകരും ബഹുജനങ്ങളും സംയമനം പാലിക്കണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂസും കരിങ്കൽ ചീളുകളുമുപയോഗിച്ച്‌ എറിയാൻ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംഘവുമാണെന്ന് ഉറപ്പാണ്. പ്രതിഷേധത്തിന്റെ മറവിൽ അക്രമവും കലാപവുമഴിച്ച് വിട്ട് നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനാണ് ഭാവമെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇ.പി. ജയരാജൻ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ ഒരു കൂട്ടം കെഎസ് യു -യൂത്ത് കോൺഗ്രസുകാർ നടത്തിയ അക്രമത്തിന് പിന്നിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ ആസൂത്രിത ഗൂഢാലോചനയാണ്. ഇങ്ങനെ ജന നേതാക്കളെ അക്രമിച്ച് സമരാഭാസം തുടരാനാണ് ഭാവമെങ്കിൽ കേരള ജനത കൈയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യാമോഹിക്കരുത്.

തെരഞ്ഞെടുക്കപ്പെട്ട ജനകീയ സർക്കാർ നവകേരള സദസ്സിലൂടെ ജനലക്ഷങ്ങൾക്കിടയിൽ സഞ്ചരിച്ച് അവരുമായി സംവദിക്കുകയാണ്. ഇതിനകം എട്ട് ജില്ലകൾ പിന്നിട്ടപ്പോൾ നവകേരളസദസ്സിനെ സർവജന വിഭാഗങ്ങളും നെഞ്ചേറ്റിയിരിക്കുന്നു. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രമുഖ നേതാക്കൾ ഉൾപ്പെടെ നവകേരള സദസുമായി സഹകരിക്കുന്നു. ഇതെല്ലാം വി.ഡി സതീശൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കളിൽ ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ല.

ജനങ്ങൾക്ക് വേണ്ടി നടത്തുന്ന സംസ്ഥാന സർക്കാറിന്റെ ഈ പരിപാടിയുമായി പ്രതിപക്ഷം സഹകരിക്കുകയായിരുന്നു വേണ്ടത്. എന്നാൽ പ്രതിപക്ഷം ബഹിഷ്കരിക്കാനാണ് തീരുമാനിച്ചത്. പക്ഷെ ആ ബഹിഷ്കരണാഹ്വാനം ജനങ്ങൾ തള്ളിയതോടെയാണ് കോൺഗ്രസ് അക്രമ സമരത്തിലേക്ക് നീങ്ങിയത്. എന്നിട്ടും ജനങ്ങൾ കൂടുതൽ കൂടുതൽ പരിപാടിയിൽ പങ്കെടുക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ ജന പങ്കാളിത്തം കൂടി ആയതോടെ സതീശന്റെ മാനസിക നില കൂടുതൽ വഷളായി. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ അണികളെ കയറൂരിവിട്ടത്.

ഇത്തരം അക്രമ സമരത്തെ കുറിച്ച് കോൺഗ്രസിലെ സമാധാനകാംക്ഷികളായ നേതാക്കളും യുഡിഎഫ് ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണം. ഇത്തരം അക്രമങ്ങൾ മറ്റ് പ്രദേശങ്ങളിലും നടത്താൻ നേരത്തെ തന്നെ ഗൂഢാലോചന തുടങ്ങിയിരുന്നു. അക്രമാസക്തമാവുകയും പൊലീസ് പിടികൂടുമ്പോൾ മർദനമെന്ന മുറവിളിയും ഉയർത്തുകയാണ്. പരിശീലനം ലഭിച്ച സംഘങ്ങളെയാണ് ഓരോയിടത്തും ഇവർ ഒരുക്കി നിർത്തുന്നത്. ഇങ്ങനെ അക്രമി സംഘത്തെ അഴിഞ്ഞാടാൻ തുറന്നുവിടുന്നതിനെ കുറിച്ച് മുസ്‍ലിം ലീഗ് നിലപാട് വ്യക്തമാക്കണം -ഇ.പി. ജയരാജൻ ആവശ്യ​പ്പെട്ടു.

Tags:    
News Summary - Shoes thrown at convoy carrying Kerala CM: EP jayarajan against vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.