കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിക്കെതിരെ തിങ്കളാഴ്ച ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് മകൻ ഷോൺ ജോർജ്. ഹൈകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷോൺ മാധ്യമങ്ങളോട് പറഞ്ഞു.
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് പി.സി. ജോർജിന്റെ ജാമ്യാപേക്ഷ തള്ളിയത്. എറണാകുളം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗിരീഷ് ആണ് പ്രോസിക്യൂഷൻ നിലപാട് കൂടി പരിഗണിച്ച് ജാമ്യാപേക്ഷ തള്ളിയത്.
ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. സപ്താഹ യജ്ഞത്തിന്റെ നോട്ടീസിൽ ജോർജിന്റെ പേരുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇത്തരമൊരു വിദ്വേഷ പ്രസംഗം നടത്താൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്.
പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ പേരില്ലാതിരുന്നിട്ടും എഴുതി തയാറാക്കിയ വിദ്വേഷ പ്രസംഗം നടത്താൻ പ്രതിക്ക് അവസരം ഒരുക്കിയത് ആരാണെന്ന് പരിശോധിക്കണം. ഇതിനായി ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഏപ്രിൽ 29ന് സമാനസ്വഭാവമുള്ള കുറ്റകൃത്യത്തിൽ അറസ്റ്റിലായ ജോർജിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഒമ്പതിന് വെണ്ണലയിൽ എത്തി അതേ കുറ്റം ആവർത്തിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
മതസ്പർധ ഉണ്ടാക്കുന്ന ഭാഷയിലല്ല തന്റെ പ്രസംഗമെന്ന് പി.സി ജോർജ് ചൂണ്ടിക്കാട്ടുന്നത്. സമൂഹികസ്ഥിതിയെ കുറിച്ച് പ്രാദേശിക ഭാഷയിൽ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തിരുവനന്തപുരം കിഴക്കേകോട്ടയിലെ വിദ്വേഷ പ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജി നിലനിൽക്കുന്നതിനിടയാണ് വെണ്ണലയിലെ പ്രസംഗത്തിൽ പാലാരിവട്ടം പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം സമുദായ സ്പർധയുണ്ടാക്കൽ, മനഃപൂർവമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.