അങ്കമാലി താലൂക്ക്​ ആശുപത്രിയിലെ ‘പൈങ്കിളി’ സിനിമ ഷൂട്ടിങ് ഉപേക്ഷിച്ചു

അങ്കമാലി: വിവാദത്തെതുടർന്ന് അങ്കമാലി താലൂക്ക്​ ആശുപത്രിയിലെ സിനിമ ഷൂട്ടിങ് ഉപേക്ഷിച്ചു. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് ബാനറിൽ ശ്രജിത്ത് ബാബു സംവിധാനം നിർവഹിക്കുന്ന ‘പൈങ്കിളി’ സിനിമയാണ് താലൂക്ക്​ ആശുപത്രി ലൊക്കേഷനാക്കാനുള്ള ശ്രമം വേണ്ടെന്നുവെച്ചത്.

ഷൂട്ടിങ് ആശുപത്രിയിലെ മുഴുവൻ രോഗികളെയും ബുദ്ധിമുട്ടിലാക്കിയതായും രാത്രി അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ ഷൂട്ടിങ്ങിന്‍റെ പേരിൽ ഗേറ്റിൽ തടഞ്ഞതായുമുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത സാഹചര്യത്തിലാണ് ചിത്രീകരണം മറ്റൊരിടത്തേക്ക് മാറ്റുന്നതെന്ന്​ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ബിജു കടവൂർ അറിയിച്ചു.

രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെ കഴിഞ്ഞ രണ്ട് ദിവസമായിരുന്നു പ്രതിദിനം 10,000 രൂപ വീതം ഫീസ് ആശുപത്രി മാനേജിങ് കമ്മിറ്റിയിൽ അടച്ച് താലൂക്ക്​ ആശുപത്രിയിലെ റിസപ്ഷൻ ഹാളിലും അത്യാഹിത വിഭാഗത്തിലും ചിത്രീകരണം ആരംഭിച്ചത്. സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടിവിന്‍റെ അപേക്ഷയുടെയും ജില്ല മെഡിക്കൽ ഓഫിസറുടെ കത്തിന്‍റെയും അടിസ്ഥാനത്തിൽ ചിത്രീകരണം നടത്തുമ്പോൾ പാലിക്കേണ്ട ഒമ്പത് നിർദേശങ്ങളോടെ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ കെ.വി. നന്ദകുമാറാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയത്.

എന്നാൽ, ആദ്യ ദിവസം ചിത്രീകരണം ആരംഭിച്ച് മണിക്കൂറുകൾക്കകം പരാതി ഉയർന്നു. ഷൂട്ടിങ് വിവാദമായതോടെ മനുഷ്യാവകാശ കമീഷൻ കേസെടുക്കുകയും സർക്കാർ ആശുപത്രി അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ ഏഴുദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനകുമാരി ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഷൂട്ടിങ് നിർത്തിവെക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവിടുകയായിരുന്നു.

Tags:    
News Summary - shooting in angamaly taluk hospital cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.