ഷൊർണൂർ: ജില്ലയിലെ മാന്നനൂരിനെയും തൃശൂർ ജില്ലയിലെ പൈങ്കുളത്തെയും ബന്ധിപ്പിച്ച് ഭാരതപ്പുഴക്ക് കുറുകെ നിർമിച്ച സംസ്ഥാനത്തെ ആദ്യ ഉരുക്ക് തടയണ വശം തകർന്ന് നശിക്കുകയാണ്. 2015ൽ കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറിെൻറ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് ഫണ്ടുപയോഗിച്ചാണ് തടയണ നിർമിച്ചത്. സമീപങ്ങളിലെ കുടിവെള്ള പ്രശ്നത്തിനും കാർഷികാവശ്യങ്ങൾക്കും ഏറെ സഹായകരമായിരുന്ന തടയണ ഇപ്പോൾ നാട്ടിലെ പ്രധാന വില്ലനായിരിക്കുകയാണ്.
അരിക് ഭിത്തി തകർന്ന് സമീപെത്ത നെൽപാടം പുഴയെടുത്ത് അപകടനിലയിലായ തടയണയെക്കുറിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ പാലക്കാട്-മംഗലാപുരം, പാലക്കാട്-തിരുവനന്തപുരം പ്രധാന റെയിൽപാതകൾക്കും മാന്നനൂർ റെയിൽവേ സ്റ്റേഷനും ഭീഷണിയായാണ് പുഴ ഗതിമാറിയൊഴുകുന്നത്. നിർമാണ സമയത്തുതന്നെ തടയണയുടെ പാലക്കാട് ഭാഗത്തെ അരിക്ഭിത്തി ദുർബലമായിരുന്നുെവന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തടയണയിൽ വെള്ളം കെട്ടിനിന്നും മഴക്കാലത്ത് വെള്ളമൊലിച്ച് വന്നും അൽപാൽപം അരിക്ഭിത്തി തകരാൻ തുടങ്ങി. പിന്നീട് അരിക്ഭിത്തിക്ക് കവചമായി നിന്നിരുന്ന മരങ്ങൾ കടപുഴകാൻ തുടങ്ങി. 2018ലെ ആദ്യ പ്രളയത്തിൽ തന്നെ 200 മീറ്ററോളം ഭാഗത്തെ അരിക്ഭിത്തി തകർന്നു. 500 മീറ്ററോളം ഭാഗത്തെ നെൽകൃഷിയും പുഴയെടുത്തു. ഇതോടെ വെള്ളം കെട്ടിനിൽക്കാത്ത തടയണ നോക്കുകുത്തിയായി.
പൊതുവിൽ ജനങ്ങളുടെയും പ്രത്യേകിച്ച് നെൽകർഷകരുടെയും നെഞ്ചിടിപ്പേറ്റുന്ന പ്രശ്നമായിട്ടും അധികൃതരും ഭരണാധികാരികളും ഗുരുതര അലംഭാവമാണ് തുടരുന്നത്. ജലവിഭവ വകുപ്പിെൻറ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് സംരക്ഷണഭിത്തി നിർമിക്കാൻ പദ്ധതിരേഖ തയാറാക്കിയിട്ട് ഒരുവർഷമായി. 2.5 കോടി രൂപയാണ് പദ്ധതിെച്ചലവ് കണക്കാക്കിയത്. പുനർനിർമാണത്തിനായുള്ള സാങ്കേതിക നടപടികളുടെ ചുമതല ജലവിഭവ വകുപ്പിലെ ഡിസൈൻ റിസർച് ഇൻവെസ്റ്റിഗേഷൻ വിഭാഗം ചീഫ് എൻജിനീയർക്ക് നൽകി.
ഇൻഫ്രാസ്ട്രക്ചർ െഡവലപ്മെൻറ് ബോർഡ് കോർപറേഷൻ വഴി നിർമാണ പ്രവർത്തനം നടത്താനും തീരുമാനിച്ചു. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ല.
ഈ വർഷം മഴ കനത്താൽ സ്ഥിതി ഗുരുതരമാകുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. ഇതു മാത്രമല്ല പുനരുദ്ധാരണെച്ചലവ് ഇരട്ടിയാവുകയും ചെയ്യും. ഇനി മഴക്കാലത്ത് പ്രവൃത്തി നടത്താനാകില്ലെങ്കിലും മഴവിടുന്നതോടെ പ്രവൃത്തി ആരംഭിക്കാൻ നടപടിയുണ്ടാകണമെന്നുള്ള ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.