തിരുവനന്തപുരം: ഗുണ്ട ആക്രമണങ്ങളും മാഫിയ പ്രവർത്തനങ്ങളും സംസ്ഥാനത്ത് ശക്തമാകുന്നതിനിടെ, അവശ്യംവേണ്ട സി.ഐമാരില്ലാതെ പൊലീസിൽ പ്രതിസന്ധി. സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി (എസ്.എച്ച്.ഒ) ചുമതല നൽകാൻ പോലും സർക്കിൾ ഇൻസ്പെക്ടർമാരെ തികയാത്ത സ്ഥിതിയാണ്. 76 സ്റ്റേഷനുകളിൽ എസ്.എച്ച്.ഒമാരായി നിയമിക്കാൻ സി.ഐമാരില്ല.
സബ് ഇൻസ്പെക്ടർമാരുടെ (എസ്.ഐ) സ്ഥാനക്കയറ്റം വൈകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അർഹരായ നിരവധി എസ്.ഐമാരുണ്ടെങ്കിലും അവർക്ക് സ്ഥാനക്കയറ്റം നൽകേണ്ട സമിതി യോഗം കൃത്യമായി ചേരുന്നില്ല. സി.ഐമാരുടെ കുറവുകാരണം സ്റ്റേഷനുകളുടെ ചുമതല ഇന്‍സ്പെക്ടറില്‍നിന്ന് എസ്.ഐമാർക്ക് തിരിച്ചു നൽകേണ്ടിവരുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. 2018ലാണ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാരിൽനിന്ന് മാറ്റി സി.ഐമാര്‍ക്ക് നല്കിത്തുടങ്ങിയത്. ഇത് സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് ഗുണകരമാകുമെന്നും സർക്കാർ വിലയിരുത്തിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പരിഷ്കാരം പൂർത്തിയായിട്ടില്ല.
2014 മുതലുള്ള എസ്.ഐമാരുടെ സ്ഥാനക്കയറ്റം കൃത്യമായി നടക്കാത്ത സാഹചര്യമാണ്. 220 എസ്.ഐമാരാണ് സ്ഥാനക്കയറ്റം കാത്തിരിക്കുന്നത്. ക്യാമ്പുകളിലെ എസ്.ഐമാരും ജനറല്‍ എസ്.ഐമാരും തമ്മിലുള്ള കേസിന്റെ പേരിലാണ് സ്ഥാനക്കയറ്റം നീണ്ടുപോകുന്നതത്രെ. ഇനിയും സ്ഥാനക്കയറ്റം വൈകിയാല്‍ സര്‍ക്കാറിന്റെ അഭിമാന പദ്ധതി പിന്‍വലിച്ച് എസ്.ഐമാരെ സ്റ്റേഷന് ചുമതലയേല്പിക്കേണ്ടിവരുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, തിരുവനന്തപുരം നഗര പരധിയിലുള്ള സ്റ്റേഷനുകളിലെ പൊലീസിനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ചുമതല എസ്.ഐമാർക്ക് കൈമാറുന്നതിനുള്ള നടപടികൾ തുടങ്ങി. കേസന്വേഷണം, ക്രമസമാധാനം, വിചാരണ കേസുകൾ കൈകാര്യം ചെയ്യൽ എന്നിങ്ങനെയാണ് മൂന്ന് വിഭാഗങ്ങൾ. ഇത് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് പരിഗണനയിലാണ്. ഇതോടെ, നിലവിലുള്ള എസ്.ഐമാർക്കടക്കം ജോലിഭാരം വർധിക്കാനാണ് സാധ്യത. സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും മതിയായ പൊലീസുകാരില്ലെന്ന പരാതിക്കും പരിഹാരം അകലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.