ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ അരൂർ മേഖലയിലെ ചെമ്മീൻ തൊഴിലാളികൾ തെരഞ്ഞെടുപ്പ് സംവാദത്തിൽ സജീവമാകുകയാണ്.നാലു പതിറ്റാണ്ടായി അരൂർ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ മുഖ്യതൊഴിൽ മേഖലയാണ് ചെമ്മീൻ വ്യവസായം.
വിദേശരാജ്യങ്ങളിലേക്ക് മത്സ്യവിഭവങ്ങൾ കയറ്റി അയക്കുന്ന നിരവധി വ്യവസായ സ്ഥാപനങ്ങൾ അരൂർ നിയോജക മണ്ഡലത്തിലുണ്ട്. കോടികളുടെ വിദേശനാണ്യം രാജ്യത്തിന് നേടിത്തരുന്ന കയറ്റുമതി വ്യവസായമാണ് മത്സ്യസംസ്കരണ മേഖല.സമുദ്രോൽപന്ന കയറ്റുമതി മുൻനിർത്തി മികവിന്റെ പട്ടണമായി അരൂർ മേഖലയെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പട്ടണക്കാട് പഞ്ചായത്തിലെ നാല് പീലിങ് തൊഴിലാളികൾ അവരുടെ ജീവിതസാഹചര്യത്തിൽ നിന്നുകൊണ്ട് തെരഞ്ഞെടുപ്പിലെ നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യുകയാണ്.
പട്ടണക്കാട് സ്വദേശിനിയായ ഗീതയാണ് ചർച്ച തുടങ്ങിവെച്ചത്. വർഷങ്ങളായി ചെമ്മീൻ മേഖലയിൽ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ഗീത ചർച്ച ആരംഭിച്ചത്. 40ഓളം സ്ത്രീ തൊഴിലാളികൾ തൊഴിലെടുക്കുന്ന പട്ടണക്കാട് പാറപ്പള്ളിയിലെ ചെമ്മീൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 30 വർഷത്തിലേറെയായി ഈ ജോലി ചെയ്യുന്ന നിരവധിപേരെ തനിക്കറിയാമെന്ന് ഗീത പറഞ്ഞു. തൊഴിലെടുക്കുമ്പോൾ കൂലി ലഭിക്കും. അസുഖം വന്ന് ജോലി നിർത്തേണ്ടി വന്നാൽ, പ്രായാധിക്യത്താൽ ജോലിക്ക് പോകാൻ കഴിയാതെ വന്നാൽ ഒരാനുകൂല്യവും ക്ഷേമപദ്ധതികളും ലഭിക്കാത്ത തൊഴിൽ മേഖലയാണിതെന്നുള്ള ഗീതയുടെ ചർച്ച അവസാനിപ്പിക്കുന്നതിന് മുമ്പുതന്നെ അക്കാര്യം ശരിവെച്ചുകൊണ്ട് അജിത ചർച്ചയിൽ സജീവമായി.
ഈ തൊഴിൽ രംഗത്തെ തൊഴിലാളികളുടെ ക്ഷേമ കാര്യത്തെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഫലപ്രദമായ തീരുമാനമെടുക്കാൻ കഴിയുന്നത് സംസ്ഥാന സർക്കാറിനെക്കാൾ കേന്ദ്രസർക്കാറിനാണ്. കാരണം കയറ്റി അയക്കുന്ന മത്സ്യസംസ്കരണ കയറ്റുമതി വ്യവസായത്തിൽ പണിയെടുക്കുന്നവരാണ് ചെമ്മീൻ തൊഴിലാളികൾ. ഞങ്ങളുടെ ആവശ്യങ്ങൾ ലോക്സഭയിൽ അറിയിക്കാൻ, ആനുകൂല്യം നേടിയെടുക്കാൻ ഇതുവരെയും ഒരു ലോക്സഭ അംഗത്തിനും കഴിഞ്ഞിട്ടില്ലെന്ന് അജിത ചൂണ്ടിക്കാട്ടി. മറ്റേതു തൊഴിൽ മേഖലകളെക്കാൾ കടുത്ത ചൂഷണം നിലനിൽക്കുന്ന തൊഴിൽ മേഖലയാണിത്. ഈ വ്യവസായം തൊഴിലാളികൾക്ക് ഒരാനുകൂല്യവും വാഗ്ദാനം ചെയ്യാതെ തന്നെ നാടുകടത്തപ്പെടുമെന്ന് ആശങ്കയുണ്ടെന്ന് അജിത പറഞ്ഞു.
തൊഴിൽ രംഗത്ത് സീനിയോറിറ്റിയുള്ള സുകന്യക്കും എതിരഭിപ്രായമില്ല. പട്ടണക്കാട് സ്വദേശിനി തന്നെയായ സുകന്യ പതിറ്റാണ്ടുകളായി ചെമ്മീൻ കിള്ളാൻ തുടങ്ങിയിട്ട്. ഇപ്പോൾ പ്രായം 66 ആയി. ഇന്നും ഇന്നലെയും ജോലിക്ക് പോയിരുന്നു നാളെയും പോകണമെന്നാണ് ആഗ്രഹം. കഴിയാതെ വന്നാൽ ഒരാളും തിരിഞ്ഞുനോക്കില്ല. ഒരു ആനുകൂല്യവും സർക്കാർ നൽകുകയില്ല. ഇക്കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടത്. സുകന്യ നൊമ്പരത്തോടെ പരിതപിക്കുന്നു. തൊഴിലാളികളുടെ കഷ്ടപ്പാടിനെ കുറിച്ച് ആരും അന്വേഷിക്കുന്നില്ല. അവർ എങ്ങനെ കഴിയുന്നുവെന്ന് ആരും തിരക്കുന്നില്ല. തുടർച്ചയായി തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ ആരോഗ്യസ്ഥിതി ആരും പഠന വിധേയമാക്കുന്നില്ല. ഇടറുന്ന ശബ്ദത്തിൽ സുകന്യ പറഞ്ഞു നിർത്തി.
അന്തരീക്ഷത്തിന് അല്പം കനംവെച്ചത് കൊണ്ടായിരിക്കണം ചർച്ചയിൽ പങ്കെടുക്കാൻ ശേഷിക്കുന്ന അജിത വിനോദ് അൽപനേരം മൗനിയായി. കുറച്ചുകൂടി ആഴത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് അജിത വിനോദ് സംസാരിച്ചത്. ഒന്ന് രണ്ടു തലമുറ പരമ്പരാഗതമായി കണ്ട ഈ തൊഴിൽ ഇപ്പോൾ അന്യം നിന്നുപോകുകയാണ്. മേഖലയിലേക്ക് തദ്ദേശവാസികൾ കടന്നുവരുന്നില്ല. സുരക്ഷിതത്വം ഇല്ലാത്തതു തന്നെ കാരണം. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ തൊഴിൽ രംഗവും കീഴടക്കുന്നത്. മറ്റ് പരമ്പരാഗത തൊഴിലുകളെപ്പോലെ ചെമ്മീൻ പീലിങ് തൊഴിൽ രംഗവും നമുക്ക് അന്യമാകും.
ഇതിനൊക്കെ ഉത്തരവാദികൾ ഭരണകൂടമാണ്. സൂക്ഷ്മതയില്ലാത്ത, ഉത്തരവാദിത്തമില്ലാത്ത, തൊഴിൽ മേഖലയെക്കുറിച്ച് പഠിക്കാൻ തയാറാകാത്ത ഭരണാധികാരികളാണ്. ലോകരാജ്യങ്ങൾ ഉയർന്നുവന്നത് വ്യവസായങ്ങളിലൂടെയാണ്. വളർത്താൻ ഭാവനയും കഴിവുമുള്ള ഭരണാധികാരികളുണ്ടായിരുന്നു എന്നുള്ളതാണ് അവരുടെ നേട്ടം.
ഒരു മാറ്റം അനിവാര്യമാണെന്ന് സംവാദത്തിൽ പങ്കെടുത്ത തൊഴിലാളികൾ പറയുന്നു. സാധാരണക്കാരന്റെ ദുരിതം മനസ്സിലാക്കുന്നവർ അധികാരത്തിൽ വരണം. പാവങ്ങളുടെ അടിസ്ഥാന സൗകര്യം എന്തെന്ന് മനസ്സിലാക്കുന്നവർ അധികാരത്തിൽ വരണം. റോഡും പാലം പാലവും മേൽപാലവും വേണ്ടെന്നല്ല അതിനെക്കാൾ അത്യാവശ്യമാണ് മനുഷ്യരുടെ ജീവിതദുരിതങ്ങൾ മാറ്റാനുള്ള പരിശ്രമം.
അത് നടത്തുന്നവർക്കായിരിക്കും ഞങ്ങളുടെ വോട്ട്. ഞങ്ങളിൽ തന്നെ രണ്ടുപേർക്ക് വീടില്ല. സർക്കാർ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ പുറകെയും നടന്ന് കാലുകുഴഞ്ഞു. പല ദിവസങ്ങളിലും പണിക്കുപോകാൻ കഴിയാതെ വന്നു. എന്നിട്ടും പ്രശ്നപരിഹാരം എന്നുണ്ടാകുമെന്ന് പോലും തിട്ടമില്ലാത്ത അവസ്ഥ തുടരുകയാണ്. ഇല്ലായ്മക്കാരന്റെ ദുരിതങ്ങൾ കാണാനും പരിഹരിക്കാനും തയാറെന്ന് ഞങ്ങൾക്ക് തോന്നുന്നവർക്കാണ് ഇത്തവണ ഞങ്ങളുടെ വോട്ടുകളെന്ന് സ്ത്രീതൊഴിലാളികൾ പറഞ്ഞു.
നിലവിലെ ലോക്സഭ മെംബർ എ.എം. ആരിഫിനെക്കുറിച്ച് ചർച്ചയിൽ പങ്കെടുത്ത നാലുപേർക്കും നല്ല അഭിപ്രായമാണ്. അരൂർ മണ്ഡലത്തിൽ നീണ്ടകാലം എം.എൽ.എ ആയിരുന്ന ആരിഫ് അക്കാലഘട്ടത്തിൽ പ്രവർത്തിച്ച വിധത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് നാലുപേർക്കും അഭിപ്രായമുണ്ട്. ബി.ജെ.പി സർക്കാർ നൽകുന്നതല്ലേ ആലപ്പുഴയിൽ മുടക്കാൻ കഴിയൂവെന്നും അവർ ചോദിക്കുന്നു.
ഏതുചെറിയ കാര്യവും ആഗോളതലത്തിൽ ചർച്ച ചെയ്യേണ്ട സാഹചര്യമാണല്ലോ ഇപ്പോൾ. അതുകൊണ്ട് ആവഴി ചർച്ച നീണ്ടുപോയി എന്നുമാത്രം. കേരള ഭരണത്തെക്കുറിച്ച് നമുക്ക് ചില അഭിപ്രായങ്ങൾ പറയാതെ വയ്യ. ചർച്ച തുടങ്ങിവെച്ച ഗീത തന്നെ അഭിപ്രായം പറഞ്ഞുതുടങ്ങി. കേരളത്തിൽ സകല മേഖലയിലും തികഞ്ഞ പരാജയമാണ് സംസ്ഥാന ഭരണം എന്നാണ് ഗീത പറയുന്നത്. സ്ത്രീകളെ ബാധിക്കുന്ന പ്രധാന പ്രശ്നം വിലക്കയറ്റമാണ്. സകലസാധനങ്ങൾക്കും വില കയറുകയാണ്.
ഇത്തരം സാഹചര്യത്തിൽ സർക്കാറുകൾ വിലക്കയറ്റം പിടിച്ചുനിർത്താൻ മാവേലി സ്റ്റോറുകൾ, സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ഇവ വഴി വിലകുറച്ച് സാധനങ്ങൾ വിൽക്കുകയാണ് പതിവ്.എന്നാൽ, സർക്കാറിന് അത്തരം സ്ഥാപനങ്ങൾ നിലനിർത്താൻ പോലും കഴിയാതെ വന്നിരിക്കുന്നു.മെച്ചം എന്നു പറയാൻ ഒന്നുമില്ലെന്നാണ് കേരള ഭരണത്തെക്കുറിച്ച് അജിതയുടെയും അഭിപ്രായം.ധൂർത്തും കെടുകാര്യസ്ഥതയും ഭരണക്കാർ മുഖമുദ്രയാക്കിയിരിക്കുന്നു. സർക്കാറിന്റെ പരിപാടികൾ എല്ലാം ആർഭാടമായി നടക്കുന്നു.
ജനങ്ങൾക്ക് അർഹമായ അനുകൂല്യങ്ങൾ പോലും സമയത്ത് കൊടുക്കാൻ കഴിയുന്നില്ല. ഇതാണ് ഭരണ പരാജയം. അജിത നിർത്തിയ സ്ഥലത്തുനിന്ന് സുകന്യയും അജിത വിനോദും ആവേശത്തിൽ സംസാരിച്ചുതുടങ്ങി. തൊഴിൽ ദിനങ്ങൾ പണ്ടത്തെക്കാൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നേരത്തേ ഒരാഴ്ചയിൽ എല്ലാ ദിവസവും പണിയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസങ്ങളിൽ മാത്രമായി ഒതുങ്ങി. സാധാരണക്കാരന് ജീവിക്കാൻ വളരെ ക്ലേശമാണ്. ഈ ക്ലേശത്തെ കുറച്ചെങ്കിലും മയപ്പെടുത്താൻ സർക്കാറിന് കഴിയണം. സർക്കാറിന് അതിന് കഴിയുന്നില്ല, അതാണ് പരാജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.