കൽപറ്റ: വേദനിപ്പിക്കുന്ന ഓർമകൾക്ക് തൽകാലത്തേക്ക് വിടനൽകി ശ്രുതി ക്ലാർക്കായി സർക്കാർ ജോലിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ 10 മണിയോടെ വയനാട് കലക്ടറേറ്റിൽ എത്തിയാണ് ശ്രുതി റവന്യൂ വകുപ്പിൽ ക്ലാർക്കായി ചുമതലയേറ്റത്.
ഉറ്റവർ കൂടെയില്ലാത്തതിന്റെ വിഷമത്തിലും മുന്നോട്ട് ജീവിക്കാൻ കൈത്താങ്ങായ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ഈ ഘട്ടത്തിൽ എല്ലാവരോടും നന്ദി പറയുകയാണ്. ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നടക്കാൻ പറ്റുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.
ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരൻ ജെൻസണായിരുന്നു പിന്നീടുള്ള കൂട്ട്. എന്നാൽ മാസങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ ജെൻസണെയും ശ്രുതിക്ക് നഷ്ടമായി. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു പ്രതിശ്രുത വരന്റെ അപ്രതീക്ഷിത വിയോഗം.
ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യൂ വകുപ്പിൽ നിയമനം നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.