കൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഐ ജി.എസ്. ദീപക്കിനെ റിമാൻഡ് ചെയ്തു. കേസിലെ നാലാം പ്രതിയായ ദീപക്കിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ ദീപക്കിനെ ശനിയാഴ്ച വൈകുന്നേരം 6.45ഓടെയാണ് മജിസ്ട്രേറ്റിെൻറ വസതിയിൽ ഹാജരാക്കിയത്.
ശ്രീജിത്തിനെ വരാപ്പുഴ എസ്.ഐ ആയിരുന്ന ജി.എസ്. ദീപക് ലോക്കപ്പിൽ വെച്ച് ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നോർത്ത് പറവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതി മൂന്ന് മുമ്പാകെയാണ് പ്രത്യേക അന്വേഷണം സംഘം റിപ്പോർട്ട് സമർപ്പിച്ചത്. എസ്.ഐ ദീപക് ഏപ്രിൽ നാലിനും അഞ്ചിനും അവധിയിലായിരുന്നു. ഈ ദിവസങ്ങളിൽ അഡീഷനൽ എസ്.ഐ സി.എൻ. ജയാനന്ദനായിരുന്നു പൊലീസ് സ്റ്റേഷെൻറ ചുമതലയുണ്ടായിരുന്നത്. വരാപ്പുഴ സ്റ്റേഷൻ പരിധിയിലെ ദേവസ്വംപാടത്ത് അക്രമസംഭവങ്ങൾ ഉണ്ടായതറിഞ്ഞാണ് ദീപക് സ്റ്റേഷനിൽ മടങ്ങിയെത്തിയത്.
ദീപക്കിനെ ജാമ്യത്തിൽ വിട്ടയച്ചാൽ സബ് ഇൻസ്പെക്ടർ എന്ന നിലയിൽ ഉന്നത സ്വാധീനമുള്ളതിനാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ട്.
കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയും കൂടുതൽ പ്രതികളുടെ കാര്യത്തിൽ അന്വേഷണം നടത്തുകയും വേണം. അതിനാൽ ജാമ്യം നൽകരുതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അറസ്റ്റ് മെമ്മോ, മെഡിക്കൽ എക്സാമിനേഷൻ റിപ്പോർട്ട് തുടങ്ങിയവ അന്വേഷണ ഉദ്യോഗസ്ഥൻ ജോർജ് ചെറിയാൻ മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.