'സിദ്ധാർഥനെ തല്ലിക്കൊന്നതാണ്, കഴുകന്മാരെക്കാളും മോശം ആളുകളാണ് അവർ'; ഓഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം. സിദ്ധാർഥനെ തല്ലിക്കൊന്നതാണെന്ന് ഓഡിയോയിൽ പറയുന്നു.

 ‘‘കോളജിൽ നടന്നത് പരസ്യവിചാരണയാണ്. സിദ്ധാർഥനെ തല്ലിയത്, പട്ടിയെ തല്ലുന്നതുപോലെ. ഹോസ്റ്റലിനു നടുവിൽ പരസ്യവിചാരണ നടത്തി. വരുന്നവരും പോകുന്നവരും തല്ലി. ബെൽറ്റും വയറും ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചു. അവന്റെ ബാച്ചിൽ ഉള്ളവർക്കും ഇതിൽ പങ്കുണ്ട്. മൃഗീയമായി ഉപദ്രവിച്ചു. അവനെ തല്ലിക്കൊന്നതുതന്നെയാണ്. പുറത്തു നല്ലവരാണെന്ന് അഭിനയിച്ചവന്മാർ കഴുകന്മാരെക്കാൾ മോശം. ജീവനിൽ ഭയമുള്ളതുകൊണ്ടാണ് പുറത്തുപറയാത്തത്’’ -കരഞ്ഞുകൊണ്ടാണ് പെൺകുട്ടി സംസാരിക്കുന്നത്.സുഹൃത്തിന്റെ ഓഡിയോ സന്ദേശം പൊലീസിന് കൈമാറിയെന്ന് കുടുംബം അറിയിച്ചു.

സിദ്ധാർഥന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ് ജയപ്രകാശ് ആവശ്യപ്പെട്ടു. മുഴുവൻ പ്രതികളും പിടിയിലായെങ്കിലും നിലവിൽ ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകൾ ആണെന്ന് കുടുംബം ആരോപിക്കുന്നു. മകന്‍റെ മരണത്തിൽ നിയമപോരാട്ടം തുടരാൻ തന്നെയാണ് കുടുംബത്തിന്‍റെ തീരുമാനം.

നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് കുടുംബം പറയുമ്പോഴും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് സിദ്ധാർഥന്‍റെ പിതാവ് പറയുന്നു. റാഗിങ്ങിനെതിരായ ദുർബല വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കരുത്. രണ്ടോ മൂന്നോ വർഷം മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്ന് സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെടുന്നു. നിലവിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ലെങ്കിലും മറ്റ് കാര്യങ്ങൾ കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാനാണ് കുടുംബത്തിന്‍റെ ആലോചന.

ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായ സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതിപ്പട്ടികയിലെ എല്ലാവരും ഇന്നലെയോടെ പിടിയിലായിരുന്നു. 18 പ്രതികളാണ് കേസിലുള്ളത്. ഇവരെ കാമ്പസിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് നീക്കം.

സിൻജോ ജോൺസൺ, കാശിനാഥൻ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നിവരാണ് ഇന്നലെ പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ സിൻജോയെ പൊലീസ് പിടികൂടിയെന്നാണ് വിവരം. കാശിനാഥൻ പൊലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അൽത്താഫ് പിടിയിലാകുന്നത്. കാമ്പസിൽ സിദ്ധാർഥന് നേരെ നടന്ന ആൾക്കൂട്ട വിചാരണക്കും മർദനത്തിനും നേതൃത്വം നൽകിയത് എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹിയയാ സിൻജോ ജോൺസൺ ആണെന്ന് പിതാവ് ടി. ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

പൂക്കോട് സർവകലാശാല കോളജ് യൂനിയൻ പ്രസിഡന്റ് മാനന്തവാടി കണിയാരം കേളോത്ത് വീട്ടിൽ അരുൺ (23), എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്നിൽ ഏരി വീട്ടിൽ അമൽ ഇഹ്സാൻ (23), കോളജ് യൂനിയൻ അംഗം തിരുവനന്തപുരം വർക്കല ആസിഫ് മൻസിലിൽ എൻ. ആസിഫ് ഖാൻ(23) എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട 18 പേരെയും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു. മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. 

Tags:    
News Summary - Siddharth death case family released new voice nessage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.