സിദ്ധാർഥന്റെ മരണം: അമ്മ കത്ത് നൽകി, കോളജ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുത്തത് ഗവർണർ റദ്ദാക്കി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥിന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് കണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട കോളജ് ഡീനിനെയും ഹോസ്റ്റൽ അസിസ്റ്റൻറ് വാർഡനെയും ശിക്ഷാ നടപടിയില്ലാതെ സർവിസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സർവകലാശാല ഭരണസമിതി (മാനേജിങ് കൗൺസിൽ) തീരുമാനം ചാൻസലറായ ഗവർണർ തടഞ്ഞു.

സിദ്ധാർഥിന്‍റെ മരണം അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ഹൈകോടതി റിട്ട. ജസ്റ്റിസ് എ. ഹരിപ്രസാദിന്‍റെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റൻറ് വാർഡനും കുറ്റക്കാരാണെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും നിർദേശിച്ചിരുന്നു. റിപ്പോർട്ട്‌ പരിഗണിച്ച വെറ്ററിനറി സർവകലാശാല മാനേജിങ് കൗൺസിൽ ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ മറവിൽ നടപടിയൊന്നുമില്ലാതെ രണ്ടുപേരെയും തിരികെ സർവിസിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനിൽക്കെയാണ് ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള തീരുമാനം.

ഇത് അക്കാദമിക സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുകയെന്നും ഇത്തരം സംഭവങ്ങൾ ഭൂരിപക്ഷ വോട്ടിന്‍റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതല്ലെന്നും റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിക്ക് നിർദേശം നൽകണമെന്നും സിദ്ധാർഥിന്‍റെ മാതാപിതാക്കളും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയും ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

ഡീനിനെയും അസിസ്റ്റൻറ് വാർഡനെയും തിരികെ പ്രവേശിപ്പിക്കാനുള്ള ഭരണസമിതി തീരുമാനം നടപ്പാക്കാൻ വിസ്സമ്മതിച്ച വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ നിർദേശങ്ങൾക്കായി രാജ്ഭവൻ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് കൗൺസിൽ തീരുമാനം തടഞ്ഞുള്ള ഗവർണറുടെ ഉത്തരവ്.

സർവീസിൽ തിരിച്ചെടുക്കാൻ സർവകലാശാലാ മാനേജ്മെന്റ് കൗൺസിൽ കഴിഞ്ഞ ദിവസം തീരു​മാനിച്ചത്. ഇരുവരെയും സ്ഥലംമാറ്റി തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിൽ നിയമനം നൽകാനായിരുന്നു തീരുമാനം. ആറുമാസത്തെ സസ്‌പെൻഷൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലായിരുന്നു നടപടി.

ചൊവ്വാഴ്ച സർവകലാശാലയിൽ ചേർന്ന മാനേജ്മെന്റ് കൗൺസിൽ യോഗമാണ് സസ്പെൻഷൻ നീട്ടേണ്ടെന്നു തീരുമാനിച്ചത്. മാനേജ്മെന്റ് കൗൺസിൽ അംഗങ്ങളായ വൈസ് ചാൻസലർ കെ.എസ്. അനിൽ, ടി. സിദ്ദിഖ് എംഎൽഎ, ഫാക്കൽറ്റി ഡീൻ കെ. വിജയകുമാർ, അധ്യാപക പ്രതിനിധി പി.ടി. ദിനേശ് എന്നിവർ തീരുമാനത്തിൽ വിയോജിപ്പറിയിച്ചു. അച്ചടക്കനടപടികളിലേക്ക് കടക്കണമെന്നാണ് നാലുപേരും ശുപാർശ ചെയ്തത്. എന്നാൽ, മറ്റ് 12 പേരുടെ പിന്തുണയോടെ സ്ഥലംമാറ്റ തീരുമാനം അംഗീകരിക്കുകയായിരുന്നു.

ഹൈകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് കൂടുതൽ അച്ചടക്കനടപടികൾക്കു മുതിരാതെ ഇരുവരെയും സ്ഥലംമാറ്റാൻ തീരുമാനിച്ചത്. ഭൂരിപക്ഷാഭിപ്രായം മാനിച്ചാണു തീരുമാനമെടുത്തതെന്ന് വൈസ് ചാൻസലർ കെ.എസ്. അനിൽ പറഞ്ഞു. ഇവർക്കെതിരെ കൂടുതൽ നടപടി വേണമെന്ന് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ചാൻസലറുടെ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കരുത് എന്നാവശ്യപ്പെട്ട് ഡോ. കാന്തനാഥൻ ഹൈകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പസിൽ ഉണ്ടായിരുന്നിട്ടും ഡീൻ ആൾക്കൂട്ട വിചാരണ അറിഞ്ഞില്ല, ഹോസ്റ്റൽ ചുമതലയുണ്ടായിരുന്ന കാന്തനാഥനും വീഴ്ചയുണ്ടായി എന്ന് കാണിച്ചായിരുന്നു സസ്‌പെൻഷൻ. ഇരുവരും ജോലിയിൽ തുടർന്നാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഹോസ്റ്റലിൽ നടന്ന സംഭവം അറിയില്ലെന്ന് പറയുന്നത് ഗുരുതര വീഴ്ചയാണെന്നും വ്യക്തമാക്കിയായിരുന്നു സസ്പെഷൻ. എന്നാൽ, സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും സിദ്ധാർഥന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ടുവെന്നുമായിരുന്നു ഡീൻ നൽകിയ വിശദീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.