സിദ്ധാർഥന്‍റെ മരണം: സസ്പെൻഷനിലായ മകനെയും സുഹൃത്തിനെയും രക്ഷിക്കാൻ ഇടപെട്ട വി.സിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നീക്കി

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല അച്ചടക്ക നടപടിയുമായി വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ. വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ഷീബയെയും മറ്റ് നാലു പേരെയുമാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയത്.

സിദ്ധാർഥനെ ക്രൂര റാഗിങ്ങിന് ഇരയായ സംഭവത്തിൽ സസ്പെൻഷനിലായ വിദ്യാർഥികളെ കുറ്റമുക്തരാക്കാൻ ഇടപെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി. കൂടാതെ, വി.സിയുടെ ഓഫീസ് ജീവനക്കാരായിരുന്ന അഞ്ചു പേരെ മാറ്റി നിയമിച്ചു. ഗുരുതരമായ കൃത്യവിലോപവും സ്വജനപക്ഷപാതവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സിദ്ധാർഥനെ മർദിച്ച സംഭവത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി 31 ഒന്നാം വർഷ വിദ്യാർഥികൾക്ക് കോളജ് ആന്‍റി റാഗിങ് കമ്മിറ്റി നൽകിയ സസ്പെൻഷനെതിരെ മുൻ വി.സിക്ക് അപ്പീൽ നൽകിയിരുന്നു. ഇവരുടെ സസ്പെൻഷൻ റദ്ദാക്കാൻ വി.സി നൽകിയ കുറിപ്പിന്‍റെ മറവിൽ സീനിയർ വിദ്യാർഥികളായ ഷീബയുടെ മകനെയും മകന്‍റെ സുഹൃത്തിനെയും ഉൾപ്പെടുത്തി ഡീന് നിർദേശം നൽകുകയാണ് ചെയ്തത്.

ഇത് വിവാദമായതോടെ രണ്ട് സീനിയർ വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത്. ഇതിന് ശേഷമാണ് വിദ്യാർഥികളെ കുറ്റമുക്തരാക്കാൻ ഒത്താശ ചെയ്ത ഷീബയെയും മറ്റ് ഉദ്യോഗസ്ഥരെയും ചുമതലയിൽ നീക്കി ഉത്തരവിറക്കിയത്. 

ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.

മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. സിദ്ധാർഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജ് യൂണിയൻ ഭാരവാഹികളും എസ്.എഫ്.ഐ നേതാക്കളും അടക്കമുള്ള 18 പേരാണ് അറസ്റ്റിലായത്.

Tags:    
News Summary - Siddharth's death: Veterinary University removes private secretary of V.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.