സിദ്ധാർത്ഥൻ, പിതാവ് ജയപ്രകാശ് 

സിദ്ധാർഥന്‍റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു; ഡീൻ അടക്കമുള്ളവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി വിദ്യാർഥി സിദ്ധാർഥന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡീൻ അടക്കമുള്ളവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

സിദ്ധാർഥിന്‍റെ മരണത്തിൽ എസ്.എഫ്.ഐ നേതാവ് അക്ഷയ്ക്ക് പങ്കുണ്ട്. അക്ഷയ് പ്രതിയാണ്, മാപ്പുസാക്ഷിയാക്കരുത്. ഒരു പാർട്ടി ഒഴികെ മറ്റെല്ലാം പാർട്ടികളും തന്നെ പിന്തുണക്കുന്നുണ്ടെന്നും പിതാവ് അറിയിച്ചു.

സിദ്ധാർഥിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യവും കുടുംബം മുന്നോട്ടുവെക്കുന്നുണ്ട്. സിദ്ധാർഥന്റെ കുടുംബം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്താൻ തയാറാണെന്ന് സി.പി.എം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, സിദ്ധാർഥന്റെ അടുത്ത ബന്ധുക്കൾ ഞായറാഴ്ച രാവിലെ വയനാട്ടിലെത്തും. മൊഴിയെടുക്കാനും മറ്റുമായാണ് ഒമ്പതംഗ സംഘം ജില്ലയിലെത്തുന്നത്. സംഘത്തിൽ സിദ്ധാർഥന്റെ മാതാപിതാക്കൾ ഉണ്ടാവില്ലെന്നാണ് വിവരം.

കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ നെടുമങ്ങാട്ടെ വസതിയിൽ കൽപറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവൻ സന്ദർശനം നടത്തിയിരുന്നു. ഡിവൈ.എസ്.പിയുടെ നിർദേശ പ്രകാരമാണ് ബന്ധുക്കൾ വയനാട്ടിലെത്തുന്നത്.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.

മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags:    
News Summary - Siddharth's family meets CM; A case of murder should be filed against Dean and others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.