സിദ്ധാർഥന് വീണ്ടും എസ്.എഫ്.ഐയുടെ വധശിക്ഷ; പ്രതികളെ ഒളിപ്പിച്ചത് സി.പി.എമ്മെന്ന് വി.ഡി സതീശൻ

കൊച്ചി: ക്രൂരമായി മർദിച്ച് കെട്ടിത്തൂക്കി കൊന്നതിനു പുറമെ സിദ്ധാർഥന് എസ്.എഫ്.ഐ വീണ്ടും വധശിക്ഷ വിധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതികളെ ഒളിപ്പിച്ചത് സി.പി.എമ്മാണെന്നും സിദ്ധാർഥന്റെ മരണത്തില്‍ കേരളത്തിന്റെ മനസസാക്ഷി സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊലചെയ്യപ്പെട്ട വിദ്യാർഥിയെ അപമാനിക്കാനുള്ള ശ്രമമാണ് എസ്.എഫ്.ഐ വീണ്ടും നടത്തുന്നത്. സിദ്ധാർഥൻ മരിച്ചതിന് ശേഷം വ്യാജ പരാതിയുണ്ടാക്കി കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷിച്ചത്. ആന്തൂരില്‍ സാജന്‍ ആത്മഹത്യ ചെയ്തതിന് കാരണക്കാര്‍ സര്‍ക്കാരും മുന്‍സിപ്പാലിറ്റിയും അല്ലെന്നും വരുത്തി തീര്‍ക്കാന്‍ കുടുംബത്തിനെതിരെ വ്യാജ കഥകള്‍ പ്രചരിപ്പിച്ചതു പോലെയാണ് സിദ്ധാർഥിനെയും കുടുംബത്തെയും വീണ്ടും അപമാനിക്കുന്നത്.

വയനാട്ടിലെ മുതിര്‍ന്ന സി.പി.എം നേതാവാണ് പ്രതികള്‍ക്കു വേണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായത്. ക്രൂരമായ കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ സി.പി.എം നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കുന്നതും സി.പി.എമ്മാണ്. പ്രതികളെ വിട്ടു നല്‍കാന്‍ സി.പി.എം തയാറാകണം.

കേരളത്തിലെ മുഴുവന്‍ രക്ഷിതാക്കളെയും ഭീതിയിലാക്കിയ ക്രൂരമായ കൊലപാതകത്തെ കുറിച്ച് മുഖ്യമന്ത്രി ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല. കല്യാശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കമ്പിവടി കൊണ്ടും ചെടിച്ചട്ടികൊണ്ടും ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും ഇനിയും തുടരണമെന്നുമുള്ള ആഹ്വാനമാണ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് കാരണം.

ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിന്‍പൂക്കുല പോലെ ചിതറിക്കുമെന്ന് പ്രസംഗിച്ച സി.പി.എം നേതാക്കളുടെ അതേ വഴിയിലാണ് പുതുതലമുറയില്‍പ്പെട്ട എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും. ക്രിമിനലുകളില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. തിങ്കളാഴ്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹരാര സമരം തിരുവനന്തപുരത്ത് ആരംഭിക്കും.

കോളജില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ അരാക്ഷിതാവസ്ഥയില്‍ നിന്നും മോചിപ്പിക്കാനുള്ള അതിശ്കതമായ സമരപരിപാടികളുമായി കോണ്‍ഗ്രസും യു.ഡി.എഫും മുന്നോട്ട് പോകും. മഹാരാജാസ് കോളജിലെ കെ.എസ്.യു നേതാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും എ.ഐ.എസ്.എഫ് വനിതാ നേതാവിനെ അശ്ലീലം പറയുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെയാണ് എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയാക്കിയത്. ക്രിമിനല്‍ സംഘത്തിന്റെ തലവന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവനാകണമെന്ന നിര്‍ബന്ധത്തോട് കൂടിയാണിതെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - Siddhath again sentenced to death by SFI; VD Satheesan said that it was the CPM that hid the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.