തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനം പൂർണമായും സർക്കാർ നിയന്ത്രണത്തിലാക്കാനും ചാൻസലറായ ഗവർണറുടെ അധികാരം കവരാനും ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണറുടെ തീരുമാനം വൈകും. ബിൽ ഏതാനും ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി രാജ്ഭവനിലേക്ക് അയക്കുമെങ്കിലും ഗവർണർ ഉടൻ ഒപ്പുവെക്കില്ല. നിയമപരമായ പരിശോധനക്കായി ബിൽ മാറ്റിവെക്കാനാണ് സാധ്യത. ബിൽ യു.ജി.സി റെഗുലേഷന് വിരുദ്ധമാണെന്ന് ഗവർണർ പരസ്യമായി പ്രതികരിച്ചിരുന്നു.
വി.സി നിയമനത്തിൽ ഗവർണർക്കുള്ള അധികാരം നിയന്ത്രിക്കുന്ന രീതിയിലാണ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. നിലവിൽ വി.സി നിയമനത്തിനുള്ള മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് ഐകകണ്ഠ്യേനയോ വെവ്വേറെയോ പാനൽ സമർപ്പിക്കാം. നിയമഭേദഗതിയോടെ ഇത് ഐകകണ്ഠ്യേനയല്ലെങ്കിൽ ഭൂരിപക്ഷം അംഗങ്ങൾ സമർപ്പിക്കുന്ന പാനൽ മാത്രമേ ചാൻസലറുടെ പരിഗണനക്ക് അയക്കൂ. ഇതുവഴി സർക്കാർ ആഗ്രഹിക്കുന്നവരെ വി.സിയായി നിയമിക്കാൻ സർക്കാർ നിർബന്ധിതമാകും.
ഭൂരിപക്ഷം അംഗങ്ങൾ നിർദേശിക്കുന്ന പാനൽ മാത്രമേ ചാൻസലറുടെ പരിഗണനക്ക് അയക്കാനാകൂ എന്ന ബില്ലിലെ വ്യവസ്ഥയുടെ നിയമസാധുത ഗവർണർ പരിശോധിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ കൺവീനർ പദവിയോടെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ഗവർണർ ചോദ്യം ചെയ്തിരുന്നു. ബിൽ പാസാക്കും മുമ്പ് ഔദ്യോഗിക ഭേദഗതിയിലൂടെ വൈസ് ചെയർമാനെ ഒഴിവാക്കുകയും പകരം അദ്ദേഹം നാമനിർദേശം ചെയ്യുന്നയാളെ കമ്മിറ്റി അംഗമാക്കാൻ തീരുമാനിക്കുകയും ചെയ്തു.
നിലവിൽ സെർച്ച് കമ്മിറ്റി കൺവീനറെ ഗവർണറാണ് നിയമിക്കുന്നത്. ബില്ലിലൂടെ സെർച്ച് കമ്മിറ്റി കൺവീനർ സ്ഥാനം സർക്കാർ പ്രതിനിധിക്ക് നൽകാനാണ് വ്യവസ്ഥ. കേരള വി.സി നിയമനത്തിനായി ആഗസ്റ്റ് അഞ്ചിന് ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റി അസാധുവാകുന്ന രീതിയിൽ ബില്ലിന് ആഗസ്റ്റ് ഒന്നുമുതൽ മുൻകാല പ്രാബല്യം നൽകുന്നതും ഗവർണർ അംഗീകരിക്കാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.