പാലക്കാട്: പ്രകൃതിയോടുള്ള ഉൗഷ്മള സ്നേഹമായിരുന്നു സുഗതകുമാരിയുടെ രചനകളുടെ കാതൽ. അതിൽ വിള്ളലുണ്ടാകുേമ്പാഴുള്ള ദുഃഖം അവരുടെ എഴുത്തിൽ ഒഴുകിപ്പരന്നു. പ്രകൃതിയോടുള്ള മനുഷ്യെൻറ പെരുമാറ്റത്തിന് ചൂഷണ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയർത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുൻനിരയിൽത്തന്നെ അവരുണ്ടായിരുന്നു.
നിശ്ശബ്ദതയുടെ താഴ്വര (സൈലൻറ് വാലി) ഇൗ അമ്മയോട് കടെപ്പട്ടിരിക്കുന്നു. 1980കളിൽ സുഗതകുമാരിയടക്കമുള്ളവർ പതാകവാഹകരായ സമരമാണ് ഇന്നു കാണുന്ന വിധത്തിൽ സൈലൻറ് വാലിയെ നിലനിർത്തുന്നതിന് ചാലകശക്തിയായത്. പരിസ്ഥിതി സംരക്ഷണം മലയാളിക്ക് ഭാരിച്ച ഉത്തരവാദിത്തമല്ലാതിരുന്ന 1970-'80 കാലഘട്ടത്തിൽ സൈലൻറ് വാലി സമരം പരിസ്ഥിതിക്ക് ഹാനികരമായ വികസന കാഴ്ചപ്പാടുകളെ ചോദ്യം ചെയ്ത് മലയാള മണ്ണിൽ പുതിയൊരു കാഴ്ചപ്പാടിെൻറ വിത്തിടുകയായിരുന്നു.
സമരം കേരളത്തിൽ സജീവ ചർച്ചയായി. ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളെ കോർത്തിണക്കി സൈലൻറ് വാലി സംരക്ഷണത്തിന് സമരമാരംഭിച്ചപ്പോൾ മുൻനിരയിൽ സുഗതകുമാരിയുണ്ടായിരുന്നു. ഇതിെൻറ പേരിൽ രാഷ്ട്രീയ കക്ഷികളടക്കം നിരന്തരം വിമർശിച്ചു. മനുഷ്യനെ വിട്ട് കുരങ്ങിനും പാമ്പിനും വേണ്ടി വാദിക്കുന്നുവെന്ന് ആേക്ഷപിച്ചു.
സൈലൻറ് വാലിയിൽ കുന്തിപ്പുഴക്ക് കുറുകെ അണക്കെട്ട് നിർമിക്കാൻ 1978ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി സോപാധിക അനുമതി നൽകുകയായിരുന്നു. ശരാശരി 3000 മില്ലീമീറ്റർ മഴ ലഭിക്കുന്ന പ്രദേശത്ത് അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നതായിരുന്നു പദ്ധതി. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം പദ്ധതിക്കൊപ്പം നിന്നു. എന്നാൽ, ഇതിെൻറ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി സുഗതകുമാരിയടക്കമുള്ളവർ രംഗത്തിറങ്ങി. ഒടുവിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ പദ്ധതി ഉപേക്ഷിച്ച് വിജ്ഞാപനമിറങ്ങി.
സമരത്തിൽ വലിയ പങ്കാണ് സുഗതകുമാരി വഹിച്ചത്. നാല് പതിറ്റാണ്ടുകൾക്കു ശേഷം തിരിഞ്ഞുനോക്കുമ്പോൾ നാട് ഒന്നാകെ പറയുന്നു, ടീച്ചറും ടീച്ചറുടെ പോരാട്ടവും വലിയ ശരിയായിരുന്നുവെന്ന്. രണ്ടു പതിറ്റാണ്ടിനു ശേഷം പഴയ സൈലൻറ് വാലി പദ്ധതി പാത്രക്കടവ് പദ്ധതിയുടെ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടപ്പോഴും സുഗതകുമാരി സമരമുഖത്തിറങ്ങിയിരുന്നു. സൈലൻറ് വാലിക്ക് വെറും അര കിലോമീറ്റർ അകലെയാണ് പാത്രക്കടവ് പദ്ധതി വിഭാവനം ചെയ്തത്. ഇതിനുവേണ്ടി ശക്തമായി വാദിച്ച കെ.എസ്.ഇ.ബി പ്രദേശവാസികളുടെ പിന്തുണ നേടാൻ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും എതിർപ്പ് ശക്തമായതോടെ പാത്രക്കടവ് പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.