തിരുവനന്തപുരം: സിൽവർ ലൈൻ പാത നിർമിക്കാൻ 69 ലക്ഷം ക്യുബിക് മീറ്റർ ക്വാറി സാമഗ്രികൾ വേണ്ടിവരുമെന്ന് കെ-റെയിൽ എം.ഡി വി. അജിത്കുമാർ. ഇത് വാങ്ങേണ്ടത് നിർമാണച്ചുമതലയേൽക്കുന്ന കരാറുകാരുടെ ഉത്തരവാദിത്തമാണ്. ലാഭകരമായി കിട്ടുന്ന സ്ഥലങ്ങളിൽനിന്ന് സാധനങ്ങളെത്തിക്കാം. കേരളത്തിൽനിന്ന് വാങ്ങരുതെന്ന് പറയാൻ പറ്റില്ല. റെയിൽമാർഗം കൊണ്ടുവരുന്നതിന് സൗകര്യമൊരുക്കാൻ ഇന്ത്യൻ റെയിൽവേയുമായി ചർച്ച ചെയ്യും. മറ്റ് കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ സമാജികർക്കായി നടത്തിയ സിൽവർ ലൈൻ പരിപാടിയിലാണ് എം.ഡിയുടെ വിശദീകരണം.
പാളങ്ങൾക്കിടയിൽ നിറക്കുന്ന വലിയ മെറ്റൽ ക്യുബിക് മീറ്ററിന് 15,000 രൂപക്കാണ് കേരളത്തിൽനിന്ന് ഇന്ത്യൻ റെയിൽവേ വാങ്ങുന്നത്. പൊള്ളാച്ചിയിൽ ഇതിന് 5000-6000 രൂപയാണ്. ഡി.പി.ആറിന് റെയിൽവേ ബോർഡിന്റെ അനുമതി കിട്ടിയെങ്കിലേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. ഭൂമിയേറ്റെടുക്കാനും അനുമതി ആവശ്യമാണ്. റെയിൽവേ ബോർഡിന്റെ അനുമതി കിട്ടിയാൽ വേഗത്തിൽ ടെൻഡർ നടപടികളിലേക്ക് കടക്കാൻ അഞ്ച് റീച്ചുകളായി തിരിച്ച് ടെൻഡർ രേഖകൾ തയാറാക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്.
100 കിലോമീറ്റർ വരെയുള്ള അഞ്ച് സെക്ഷനായി തിരിച്ചാണ് ടെൻഡർ ചെയ്യുക. രണ്ടുവർഷം കൊണ്ട് ഭൂമിയെറ്റെടുത്താൻ മൂന്ന് കൊല്ലം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാകും. എന്നാൽ, അനുമതി വൈകിയാൽ ചെലവ് കൂടും. ഇപ്പോൾതന്നെ ചെറിയ വൈകലുണ്ട്. അതിവേഗ പാതക്കായി 2012ൽ ഡി.എം.ആർ.സി പഠനം നടത്തി 2016ൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുപ്രകാരം 1.16 ലക്ഷം കോടി ചെലവ് വരുമെന്നും ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് അഞ്ച് രൂപ മുതൽ ആറ് രൂപ വേണ്ടിവരുമെന്നും കണ്ടെത്തിയിരുന്നു. ഇത് വളരെ കൂടുതലാണ്. അർധ അതിവേഗ പാതയാകുമ്പോൾ ചെലവ് നേർപകുതിയാകും. അതുകൊണ്ടാണ് സിൽവർ ലൈനുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.