ന്യൂഡൽഹി: സിൽവർ ലൈൻ പ്രശ്നത്തിൽ വീണ്ടും ലോക്സഭയിൽ ഒച്ചപ്പാട് ഉയർത്തി കേരളത്തിലെ കോൺഗ്രസ്, സി.പി.എം അംഗങ്ങൾ. ഡൽഹിയിൽ ദോസ്തി, കേരളത്തിൽ ഗുസ്തി നയമാണ് കേരള എം.പിമാരുടേതെന്നും ഇതിനുമുന്നിൽ തനിക്ക് എന്തുചെയ്യാൻ കഴിയുമെന്നും സ്പീക്കർ ഓം ബിർലയോട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ രാഷ്ട്രീയം ഒന്നുവേറെത്തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിൽവർ ലൈനിന് അനുമതി കിട്ടുംമുമ്പേ ഭൂമി ഏറ്റെടുക്കാൻ കല്ലിട്ടുതുടങ്ങിയത് ഉണ്ടാക്കുന്ന ഉത്കണ്ഠയും പ്രയാസങ്ങളും മുൻനിർത്തി കോൺഗ്രസിലെ ഹൈബി ഈഡൻ, ബെന്നി ബഹനാൻ എന്നിവർ ഉയർത്തിയ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയെ ന്യായീകരിച്ച് തൊട്ടുപിന്നാലെ സി.പി.എമ്മിലെ എ.എം. ആരിഫും എഴുന്നേറ്റു.
തന്റെ മണ്ഡലത്തിൽ ഭൂമി ഏറ്റെടുക്കൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കൊടിക്കുന്നിൽ സുരേഷ് വൈകാരികമായി അവതരിപ്പിച്ചു. കഴിഞ്ഞദിവസം റെയിൽവേയുടെ ഉപധനാഭ്യർഥന ചർച്ചക്കിടയിലും കേരള എം.പിമാർ പദ്ധതിയെക്കുറിച്ച് വൈകാരികമായി സംസാരിച്ച കാര്യം മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വലിയ ഉത്കണ്ഠയും ആശങ്കയുമാണ് കേരളത്തിലെന്ന് ചോദ്യോത്തര വേളയിൽ സംസാരിച്ച ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. നിരവധി കാര്യങ്ങൾ ഒളിച്ചുവെച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. വിശദ പദ്ധതി റിപ്പോർട്ട് കിട്ടാൻ അൻവർ സാദത്ത് എം.എൽ.എക്ക് നിയമസഭയിൽ അവകാശലംഘന നോട്ടീസ് നൽകേണ്ടിവന്നു. മറുവശത്ത്, പദ്ധതിക്കുവേണ്ടി സർക്കാർ സർവേ കല്ല് ഇട്ടുതുടങ്ങി. വ്യാപക എതിർപ്പുള്ളപ്പോൾ തന്നെയാണിത്. പരിസ്ഥിതി വിഷയങ്ങൾ അടക്കമുള്ളവ പരിശോധിക്കാതെ കേന്ദ്രം തീരുമാനമെടുക്കരുതെന്നും ബെന്നി ബഹനാൻ പറഞ്ഞു.
ഇതിനെതിരെ എ.എം. ആരിഫ് എഴുന്നേറ്റു. ഒച്ചപ്പാടായി. തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ ഉണ്ടായിരുന്ന കെ-റെയിൽ പദ്ധതിക്ക് ജനം നൽകിയ അംഗീകാരമാണ് ഇടതു മുന്നണിയുടെ വിജയമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദേശീയ റെയിൽ പദ്ധതിയിൽ സിൽവർ ലൈൻ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ടെന്നിരിക്കേ, ഇത് കേന്ദ്രപദ്ധതി കൂടിയാണ്. അത് ഒഴിവാക്കുന്നത് വികസനവിരുദ്ധ സമീപനമാണ്. ഇ. ശ്രീധരന്റെ അഭിപ്രായമല്ല ആശ്രയിക്കേണ്ടതെന്നും ആരിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.