തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷത്തിന് ആശയപാപ്പരത്തമെന്ന് സ്ഥാപിക്കാൻ ശ്രമിച്ചും കടന്നാക്രമിച്ചുമാണ് അടിന്തരപ്രമേയ ചർച്ചക്കുള്ള മറുപടി പ്രസംഗം മുഖ്യമന്ത്രി തുടങ്ങിയത്. പിന്നാലെ ധനസ്ഥിതിയിലേക്കും കണക്കുകളിലേക്കും കടന്ന് ആരോപണങ്ങൾക്കുള്ള മറുപടി.
എങ്ങനെയെങ്കിലും പദ്ധതി ഇല്ലാതാക്കുകയെന്ന പ്രതിപക്ഷത്തിന്റെ മാനസികാവസ്ഥയാണ് സഭയിൽ വെളിപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, തെറ്റിദ്ധാരണയുണ്ടാക്കാൻപോലും ഇവർക്കായിട്ടില്ല. വിഷയത്തിൽ അത്രമാത്രം പാപ്പരായ നിലയിലാണ് പ്രതിപക്ഷം. ആത്മാർഥമായി എതിർക്കാൻ കഴിയാത്തത് കൊണ്ടും സാധാരണനിലയിൽ ആരോപിക്കാൻ ഒന്നുമില്ലാത്തത് കൊണ്ടുമാണ് പ്രതിപക്ഷത്തിന് മൂർച്ച കുറഞ്ഞുപോയത്. അതിൽ താൻ പരിതപിക്കുന്നു.
യു.ഡി.എഫ് അണികളെപോലും കെ-റെയിൽ വിഷയത്തിൽ ആവേശഭരിതരാക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. യു.ഡി.എഫ് മാത്രമല്ല, എസ്.യു.സി.ഐ, വെൽഫെയർ പാർട്ടി എന്നിങ്ങനെ വിവിധ സംഘടനകൾ സമരം ചെയ്യുന്നുണ്ട്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകൾ പിഴുതുമാറ്റുന്നത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യം മുന്നിൽവെച്ചുള്ള നടപടിയാണ്. കല്ലിടലിൽ പൊലീസ് അതിക്രമം കാട്ടുന്നില്ല. ചാത്തന്നൂരിൽ 9000 രൂപയുടെ നാശനഷ്ടമുണ്ടായി. കാസർകോട് പള്ളിക്കരയിൽ നടപടികൾ പൂർത്തിയാക്കിയ തഹസിൽദാർമാർക്ക് നേരെ അതിക്രമമുണ്ടായി. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടക്കെണി വാദമുന്നയിക്കുന്നതിന് പിന്നിൽ വികസനത്തെ ഏതെങ്കിലുംതരത്തിൽ തുരങ്കംവെക്കാനുള്ള നീക്കമാണ്. 2019-20ൽ ആഭ്യന്തര വരുമാനത്തിന്റെ 31.5 ശതമാനമാണ് സംസ്ഥാനത്തിന്റെ കടം. 2020-21ൽ ഇത് 37.13 ആയി. 2021-2022 ൽ 36.98 ശതമാനവും. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 2020-21ൽ കടം 42.6 ശതമാനമാണ്. പഞ്ചാബിൽ 49 ശതമാനം. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം കുറഞ്ഞത് യു.ഡി.എഫ് കാലത്താണ്. സിൽവർ ലൈനിനുള്ള വിദേശവായ്പയിൽ അസ്വാഭാവികതയൊന്നുമില്ല. എസ്.പി.വി വഴിയാണ് വായ്പ വാങ്ങുന്നത്. സംസ്ഥാനം നേരിട്ടല്ല. സർക്കാർ ഗാരണ്ടി നിൽക്കുകയാണ് ചെയ്യുന്നത്. 40 വർഷത്തിനുള്ളിൽ വായ്പ തിരിച്ചടവ് പൂർത്തിയാക്കിയാൽ മതി.
സിൽവർ ലൈൻ പരിസ്ഥിതിയെ തകർക്കുമെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. ഇന്ത്യൻ റെയിൽവേ 7.5 ലക്ഷം കോടി ചെലവിട്ട് 484 പദ്ധതികളിലായി 51,165 കിലോമീറ്റർ പാളങ്ങളുടെ നിർമാണം നടത്തുണ്ട്. അതിലുണ്ടാകാത്ത പരിസ്ഥിതി പ്രശ്നം 532 കിലോമീറ്റർ മാത്രമുള്ള സിൽവർ ലൈനിന് മാത്രം ബാധകമാകുന്നുവെന്നത് കൗതുകകരമാണ്. പശ്ചിമഘട്ടം തകർക്കുമെന്നതിൽ ഒരു അടിസ്ഥാനവുമില്ല.
107 കിലോമീറ്റർ പാത തുരങ്കങ്ങളിലോ കട്ട് ആൻഡ് കവർ സ്വഭാവത്തിലോ ആണ്. കേരളത്തിലെ പ്രധാന പാരിസ്ഥിതിക ദുർബല പ്രദേശങ്ങളെന്നത് വനങ്ങളാണ്. സിൽവർ ലൈൻ വനമേഖലയെ സ്പർശിക്കുന്നില്ല. അതിനാൽ ഫോറസ്റ്റ് ക്ലിയറൻസിന്റെ ആവശ്യവുമില്ല- മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.