തിരുവനന്തപുരം: ജനവിധി എന്നത് എന്തും ചെയ്യാനുള്ള അധികാരമല്ലെന്ന് മുന്നറിയിപ്പ് നൽകിയും സിൽവർ ലൈനിലെ പൊരുത്തക്കേടുകൾ ഉറക്കെ ചോദിച്ചും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിൽവർ ലൈനിനോട് വിയോജിക്കുന്നവരെയെല്ലാം അപമാനിക്കുകയാണെന്നും സർക്കാറിനെ എതിർക്കുന്നവർക്ക് തീവ്രവാദികളുമായി ബന്ധമാരോപിക്കുകയാണെന്നും അടിയന്തര പ്രമേയ ചർച്ചയിൽ സതീശൻ പറഞ്ഞു.
സർക്കാർ തെറ്റ് ചെയ്യുമ്പോഴും ജനത്തെ ആട്ടിയിറക്കുമ്പോഴും മുൻഗണന അട്ടിമറിക്കുമ്പോഴും മിണ്ടാതിരിക്കാനാകില്ല. കേരളത്തെ ബനാന റിപ്പബ്ലിക്കാക്കാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ല. ജനാധിപത്യ സംവിധാനത്തിൽ പൗരന്മാരുമായി ഏകപക്ഷീയ മോണോലോഗല്ല, ഡയലോഗാണ് ആവശ്യം. ഇതെല്ലാം ഏകാധിപതികളുടെ രീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാത കടന്നുപോകുന്ന ഭാഗത്തുള്ളവർ മാത്രമല്ല, സിൽവർ ലൈൻ നടപ്പായാൽ കേരളം മുഴുവൻ ഇരകളാകും. 63,000 കോടി ചെലവ് പ്രതീക്ഷിക്കുന്നെന്നാണ് സർക്കാർ കണക്ക്. നിതി ആയോഗ് കണക്കാക്കുന്നത് 1.24 ലക്ഷം കോടിയാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ള പൊതുഗതാഗത സംവിധാനങ്ങളെ വിഴുങ്ങുന്ന സംരംഭമാണ് സിൽവർ ലൈൻ. ഇത് ലാഭകരമാകാൻ ഡി.പി.ആർ മുന്നോട്ടുവെക്കുന്ന ശിപാർശകളിലൊന്ന് ദേശീയപാത വീതി കൂട്ടാൻ പാടില്ലെന്നതാണ്. ഇനി വീതി കൂട്ടിയാൽ തന്നെ ടോൾ നിരക്ക് ഉയർത്തണമെന്ന വിചിത്ര നിർദേശവുമുണ്ട്.
1. സിൽവർ ലൈനിനായി പ്രാഥമിക സാധ്യത പഠനം, അന്തിമ സാധ്യത പഠനം, ഡി.പി.ആർ എന്നിങ്ങനെ മൂന്ന് റിപ്പോർട്ടുകളാണുള്ളത്. മൂന്നിലെയും കണക്കുകൾ പൊരുത്തപ്പെടാത്തതും കൃത്രിമം നടത്തിയിട്ടുള്ളതുമാണ്.
2. പ്രാഥമിക സാധ്യത പഠനത്തിൽ എംബാങ്ക്മെന്റ് 89 കിലോമീറ്റർ മാത്രമായിരുന്നു. എന്നാൽ, രണ്ടുമാസം കഴിഞ്ഞ് പുറത്തിറക്കിയ അന്തിമ സാധ്യത പഠനത്തിൽ ഇത് 236 കിലോമീറ്ററായി. രണ്ടുമാസം കൊണ്ട് ഇത്രയും ദൂരം നടന്നെത്താനുള്ള സമയം പോലും കിട്ടില്ലെന്നിരിക്കെ, എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എംബാങ്ക്മെന്റിന്റെ നീളം കൂട്ടിയത്.
3. അഞ്ച് മുതൽ എട്ട് മീറ്റർ വരെ ഉയരത്തിൽ എംബാങ്ക്മെന്റുണ്ടാകുമെന്നാണ് ഡി.പി.ആറിലുള്ളത്. സംസ്ഥാനത്ത് ഇതുവരെയുണ്ടായ പ്രളയനിരപ്പിനെക്കാൾ ഉയരത്തിൽ എംബാങ്ക്മെന്റ് പണിയുമെന്നാണ് കെ-റെയിൽ പറയുന്നത്. ഇക്കഴിഞ്ഞ പ്രളയത്തിലടക്കം പല വീടുകൾക്ക് മുകളിലും വെള്ളമുയർന്നിരുന്നു.
4. വിഴിഞ്ഞം പോർട്ടിൽ 3000 മീറ്ററിൽ ഇടാനുള്ള കല്ല് പോലും കിട്ടാഞ്ഞതിനാൽ നിർമാണം തടസ്സപ്പെട്ടു. അഞ്ച് ലക്ഷം മീറ്റർ ദൂരത്തിനുള്ള പ്രകൃതി വിഭവങ്ങൾ എവിടെ നിന്ന് കണ്ടെത്തും?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.