തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നാലിരട്ടി വരെ നഷ്ടപരിഹാരം കിട്ടുമെന്ന അധികൃതരുടെ ആവർത്തിച്ചുള്ള വാഗ്ദാനം വസ്തുതകൾക്ക് നിരക്കാത്തത്. നഷ്ടപരിഹാരപാക്കേജ് പ്രകാരം കോർപറേഷൻ-മുനിസിപ്പൽ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ ദൂരത്തുള്ള ഭൂമിക്കാണ് നഷ്ടപരിഹാരവും (സൊളേഷ്യം) വിപണി വിലയും ചേർത്ത് നാലിരട്ടി ലഭിക്കുക.
ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലൊഴികെ എവിടെയും കോർപറേഷൻ- മുനിസിപ്പാലിറ്റി അതിർത്തികളിൽനിന്ന് 40 കിലോമീറ്ററിൽ കൂടുതൽ അകലെയുള്ള ഗ്രാമപ്രദേശമില്ല. ഈ ജില്ലകളിലൂടെ സിൽവർ ലൈൻ കടന്നുപോകുന്നുമില്ല. ജില്ല പരിധിയോ ജില്ല കേന്ദ്രത്തിൽനിന്നുള്ള ദൂരമോ മാനദണ്ഡമല്ലാത്തതിനാൽ ഫലത്തിൽ നാലിരട്ടി നഷ്ടപരിഹാരം അപൂർവങ്ങളിൽ അപൂർവമാകും. റോഡുമാർഗമുള്ള ദൂരപരിധിയല്ല, ആകാശദൂരമാണ് പരിഗണിക്കുന്നത്. ഇതോടെ അധികപ്രദേശങ്ങളും 'നഗരപരിധി'യിലാകാനാണ് സാധ്യത. ഡി.പി.ആറിൽ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമുള്ള എസ്റ്റിമേറ്റ് തുക നിശ്ചയിച്ചിരിക്കുന്നത് 13,265 കോടി രൂപയാണ്. ഇതിൽ 1730 കോടി പുനരധിവാസത്തിനാണ്. 4460 കോടി കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിനും. ശേഷിക്കുന്നത് ഭൂമിയുടെ നഷ്ടപരിഹാരവും. എന്നാൽ, നിതി ആയോഗ് ഭൂമിയേറ്റെടുക്കലിനു കണക്കാക്കുന്നത് 28,157 കോടി രൂപയാണ്. ഭൂമി വില ഡി.പി.ആറിൽ കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നതിൽ നിതി ആയോഗ് സംശയം പ്രകടിപ്പിച്ചിരുന്നു. ദേശീയ പാതക്കായുള്ള സ്ഥലമേറ്റെടുപ്പിൽ ഹെക്ടറിന് 18 കോടിയാണ് ചെലവ്. സിൽവർ ലൈനിനു കണക്കാക്കുന്നത് ഒമ്പത് കോടിയും.
താരതമ്യേന വില കുറഞ്ഞ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്നാണ് കെ- റെയിൽ വിശദീകരണം. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരമായി തുച്ഛമായ വിലയേ ലഭിക്കൂ എന്ന് ഇതിൽനിന്നു വ്യക്തം.
വിപണിവിലയിലെ ചതി ഇങ്ങനെ
ഭൂമിയേറ്റെടുക്കൽ വിജ്ഞാപനത്തിന് തൊട്ടുമുമ്പ് മൂന്നു വർഷം നടന്ന പ്രമാണങ്ങൾ പരിശോധിച്ച് അതിൽ ഉയർന്ന വില രേഖപ്പെടുത്തിയ 50 ശതമാനം ശേഖരിക്കും. ഇതിന്റെ ശരാശരിയാണ് വിപണി വിലയായി കണക്കാക്കുന്നത്. യാഥാർഥ വിലയെ അപേക്ഷിച്ച് കുറഞ്ഞ വിലയായിരിക്കും സാധാരണ പ്രമാണത്തിൽ കാണിക്കുക. വിപണി വില മാനദണ്ഡമാക്കുന്നതോടെ വസ്തുവിന്റെ യഥാർഥ ഉയർന്ന വില പരിഗണിക്കപ്പെടില്ല. ഇത് ഉടമകൾക്ക് തിരിച്ചടിയാകും. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം വിപണി വിലയുടെ അത്രതന്നെ സോളേഷ്യമായും നൽകണം. ഉദാഹരണത്തിന് വിപണി വില 10,000 രൂപയെങ്കിൽ സോളേഷ്യം ചേർത്ത് നഷ്ടപരിഹാരം 20,000 രൂപയായിരിക്കും.
നഷ്ടപരിഹാരം കണക്കാക്കുന്നതിങ്ങനെ (മുനിസിപ്പൽ /കോർപറേഷൻ അതിർത്തിയിൽനിന്ന്)
10 കിലോമീറ്റർ വരെ വിപണി വിലയുടെ 1.2 മടങ്ങ് (സോളേഷ്യമടക്കം 2.4 മടങ്ങ്)
10-20 കിലോമീറ്റർ വരെ 1.4 മടങ്ങ് (സോളേഷ്യമടക്കം 2.8 മടങ്ങ്)
20-30 കിലോമീറ്റർ വരെ 1.6 മടങ്ങ് (സോളേഷ്യമടക്കം 3.2 മടങ്ങ്)
30-40 കിലോമീറ്റർ വരെ വിപണി വിലയുടെ 1.8 മടങ്ങ് (സോളേഷ്യമടക്കം 3.6 മടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.