ന്യൂഡൽഹി: നിർദിഷ്ട സിൽവർ ലൈൻ പദ്ധതിയുടെ ഭീമമായ വിദേശവായ്പ എങ്ങനെ തിരിച്ചടക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം സംസ്ഥാന സർക്കാർ നൽകേണ്ടതുണ്ടെന്ന് കേന്ദ്രം. റെയിൽവേ കൂടി പങ്കാളിയായ സംയുക്ത സംരംഭമാണ് കെ-റെയിൽ. സിൽവർ ലൈനിനുവേണ്ടി 33,700 കോടി വിദേശവായ്പ വേണ്ടി വരുമെന്നാണ് സംസ്ഥാന സർക്കാർ നൽകിയ പദ്ധതി റിപ്പോർട്ടിൽ പറയുന്നത്. സിൽവർ ലൈൻ യാത്രക്കാരിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ട് ഈ കടം തിരിച്ചടക്കാൻ പറ്റില്ല.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. കമ്പനി പങ്കാളിയെന്ന നിലയിൽ കടം തിരിച്ചടക്കേണ്ട ഉത്തരവാദിത്തം ആത്യന്തികമായി റെയിൽവേ മന്ത്രാലയത്തിനാണ്. 63,941 കോടി രൂപ മുതൽമുടക്ക് കണക്കാക്കുന്ന പദ്ധതിയുടെ സാമ്പത്തികമായ പ്രായോഗികതതന്നെ സംശയാസ്പദമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ പാതക്ക് 2019 ഡിസംബർ 19ന് റെയിൽവേ ബോർഡ് തത്ത്വത്തിൽ അനുമതി നൽകിയതാണ്. പദ്ധതിക്ക് നിക്ഷേപം നടത്തുന്നതിന് മുമ്പത്തെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് തത്ത്വത്തിൽ അനുമതി. വിശദ പദ്ധതി റിപ്പോർട്ടും മറ്റും തയാറാക്കാനും അതുവഴി സാമ്പത്തിക കാര്യങ്ങൾ അടക്കം പൂർണ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിനുമാണ് തത്ത്വത്തിൽ അനുമതി നൽകുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
വിശദ പദ്ധതി റിപ്പോർട്ട് നൽകിയാൽ, അതിലെ വിശദാംശങ്ങൾ അടിസ്ഥാനപ്പെടുത്തി പദ്ധതിക്ക് അംഗീകാരം നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കും. കെ-റെയിൽ വിശദ റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും വ്യക്തത പോരാ. നിലവിലെ പാളത്തിന് സമാന്തരമായി 200 കിലോമീറ്റർ നീളത്തിൽ ഇടനാഴി നിർമിക്കാനാണ് കെ-റെയിലിന്റെ പരിപാടി. 15 മീറ്ററോളം വീതിയിൽ റെയിൽവേ ഭൂമി (ഉദ്ദേശം 185 ഹെക്ടർ) ഇടനാഴിക്കു വേണ്ടി ഉപയോഗിച്ചാൽ, മൂന്നും നാലും പാളങ്ങൾ ഇടാവുന്ന വിധത്തിലുള്ള റെയിൽവേയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഇല്ലാതെ വരും. സംസ്ഥാനം നൽകിയ വിശദ പദ്ധതി റിപ്പോർട്ടിൽ ഇതിന്റെ സാങ്കേതികമായ പ്രായോഗികത സംബന്ധിച്ച വിശദാംശങ്ങളില്ല. റെയിൽവേ പാളങ്ങൾക്ക് എവിടെയൊക്കെ ക്രോസിങ് വേണം തുടങ്ങിയ കാര്യങ്ങളുമില്ല. അതുകൊണ്ട് വിശദമായ സാങ്കേതിക രേഖകളും അലൈൻമെന്റ് പ്ലാനും നൽകാൻ കെ-റെയിലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക പ്രായോഗികത, സാമൂഹികാഘാതം, പാരിസ്ഥിതിക പഠനം എന്നിവയെക്കുറിച്ച് സംസ്ഥാന സർക്കാർ നൽകുന്നതല്ലാതെ, റെയിൽവേ മറ്റൊരു പഠനം നടത്തില്ലെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.