ന്യൂഡൽഹി: വിവാദ സിൽവർ ലൈൻ റെയിൽപാതയെക്കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേരളത്തിലെ യു.ഡി.എഫ് എം.പിമാരുമായി നടത്താനിരുന്ന ചർച്ച മാറ്റി. അതേസമയം, കേരളത്തിെൻറ പൊതുവായ വിഷയമെന്ന നിലയിൽ തങ്ങളെയും ചർച്ചയിൽ പങ്കെടുപ്പിക്കണമെന്ന് ഇടത് എം.പിമാർ. കേന്ദ്രമന്ത്രിസഭ യോഗംമൂലമുള്ള മന്ത്രിയുടെ അസൗകര്യത്തിന് പുറമെ, ഇടത് എം.പിമാരുടെ ആവശ്യവും ബുധനാഴ്ച നിശ്ചയിച്ച യോഗം നടക്കാതിരിക്കാൻ കാരണമായി. പുതുച്ചേരിയിൽ നിന്നുള്ള ലോക്സഭാംഗം അടക്കം 19 എം.പിമാർ ഒപ്പുവെച്ച കത്ത് കോൺഗ്രസിെൻറ ലോക്സഭ ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ് റെയിൽവേ മന്ത്രിയെ കണ്ട് നൽകിയതിനെ തുടർന്നാണ് ബുധനാഴ്ച വിശദ ചർച്ച നിശ്ചയിച്ചത്.
എന്നാൽ, സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് മന്ത്രി നടത്തുന്ന ചർച്ചയിൽ കേരളത്തിലെ എല്ലാ എം.പിമാർക്കും അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം നൽകണമെന്ന് ഇടത് എം.പിമാർ ആവശ്യപ്പെട്ടു. ഇക്കാര്യം മന്ത്രിയുടെ ഓഫിസിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. യു.ഡി.എഫ് എം.പിമാർ ഒന്നിച്ചുള്ള ഇത്തരമൊരു ചർച്ചക്ക് എതിരാണ്.
കേരളത്തിലെ എല്ലാ എം.പിമാരുടെയും യോഗം മന്ത്രി വിളിച്ചുചേർക്കുകയല്ല ചെയ്തിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി. തങ്ങളുടെ എതിർപ്പ് അറിയിച്ച് റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയപ്പോൾ, അതിൽ ഒപ്പിട്ട എല്ലാവരെയും വിശദചർച്ചക്ക് വിളിക്കുകയാണ് ചെയ്തത്. ഇതിൽ ഇടത് എം.പിമാർക്ക് എന്തുകാര്യമെന്നും അദ്ദേഹം ചോദിച്ചു.
ഇതിനിടെ, സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്ന യു.ഡി.എഫ് എം.പിമാർക്കൊപ്പം താനില്ലെന്ന പ്രചാരണങ്ങൾ ശരിയല്ലെന്ന് കത്തിൽ ഒപ്പുവെച്ചിട്ടില്ലാത്ത ശശി തരൂർ വിശദീകരിച്ചു. പദ്ധതിക്ക് താൻ പിന്തുണ കൊടുത്തിട്ടില്ല. സംശയനിവൃത്തി വന്ന ശേഷം നിലപാട് സ്വീകരിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു. മന്ത്രി-എം.പി ചർച്ചയുടെ പുതിയ തീയതി തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.