തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കലും പരിസ്ഥിതി ആഘാതവുമടക്കം ആശങ്കകൾക്ക് തൃപ്തികരമായ മറുപടിയില്ലാതെ കെ-റെയിൽ (കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ്) നിരത്തുന്നത് സഞ്ചാരവേഗത്തിെൻറ അവകാശവാദങ്ങൾ.
യഥാർഥ പ്രശ്നങ്ങൾക്ക് ചെവികൊടുക്കാതെ സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. ഒാരോ സ്ഥലത്തെയും പാതനിർമാണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടാത്ത സാഹചര്യത്തിലാണ് വേഗവും യാത്രച്ചെലവും സംബന്ധിച്ച വലിയ വാഗ്ദാനങ്ങൾ. കിലോമീറ്ററിന് 2.75 രൂപ എന്ന യാത്രക്കൂലി മൊത്തം ചെലവ് 64,000 കോടി എന്ന കണക്കിലാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ഇത് ഇരട്ടിയിലധികമാകുമെന്ന് നിതി ആയോഗ് പറയുന്നു. ഫലത്തിൽ യാത്രക്കൂലി കിലോമീറ്ററിന് നാലു രൂപയിലേറെയാകും.
പദ്ധതിയുടെ 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്. 675 യാത്രക്കാർ വീതമുള്ള 74 ട്രിപ്പാണ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ പ്രതിദിനം ഏതാണ്ട് അര ലക്ഷത്തിനടുത്ത് യാത്രക്കാര്‍? എന്നാൽ, ഇത്ര വലിയ നിരക്കിൽ ഇത്രയും യാത്രക്കാർ പ്രതിദിനം ഉണ്ടാകുമോയെന്നാണ് സംശയം. ഉണ്ടായാൽ തന്നെ ടിക്കറ്റ് വരുമാനം കൊണ്ട് പദ്ധതി ലാഭകരമായി നടപ്പാക്കാൻ കഴിയില്ലെന്നും വ്യക്തം. ഭൂമി ഏറ്റെടുക്കലിന് കണക്കാക്കുന്ന തുക 13,265 കോടിയാണ്.
നീതി ആയോഗ് കണക്ക് പ്രകാരം 28,157 കോടി വരും. ഭൂമി ഏറ്റെടുത്ത് മൂന്നുവർഷത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നാണ് അവകാശവാദം. കൊച്ചി മെട്രോ 25 കിലോമീറ്റർ നിർമിക്കാൻ ഭൂമി ഏറ്റെടുത്ത് 48 മാസം വേണ്ടിവന്നു. അപ്പോൾ 530 കിലോമീറ്റർ 36 മാസംകൊണ്ട് എങ്ങനെ പൂർത്തിയാക്കുമെന്നതും പ്രസക്തമായ ചോദ്യമാണ്. അതിവേഗപാതയിൽ 140 കിലോമീറ്റർ ചതുപ്പും നെൽവയലുകളുമടങ്ങുന്ന മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ 88 കിലോമീറ്ററിലാണ് മേൽപാലം നിർമിക്കുന്നത്. ശേഷിക്കുന്നവയിലെ നിർമാണകാര്യത്തിലും അവ്യക്തതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.