കോട്ടയം: സിൽവർലൈൻ പാതയുടെ സാമൂഹികാഘാതപഠനത്തിന്റെ ഭാഗമായി ആദ്യ ഫീൽഡ് സർവേ കണ്ണൂർ ജില്ലയിൽ ഈമാസം 15ന് ആരംഭിക്കും. കേരള വളന്ററി ഹെൽത്ത് സർവിസസ് (കെ.വി.എച്ച്.എസ്) എന്ന എൻ.ജി.ഒ ആണ് സാമൂഹികാഘാതപഠനം നടത്തുന്നത്. കല്ലിട്ട അതിർക്കകത്തുവരുന്ന സ്ഥലങ്ങളിലെ വീടുകളിൽ കയറി വ്യക്തിഗത നഷ്ടങ്ങളും വിവരങ്ങളും അറിയുകയാണ് ആദ്യം ചെയ്യുന്നത്. വീട്, ഭൂമി, കൃഷി, തൊഴിൽ, വരുമാന നഷ്ടങ്ങളെല്ലാം ഇതിൽപെടും. പദ്ധതിയോടുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും ആരായും. ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ച് കരട് തയാറാക്കും. തുടർന്ന്, 15 ദിവസത്തെ നോട്ടീസ് നൽകി പബ്ലിക് ഹിയറിങ് വെക്കും. പദ്ധതി ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും പബ്ലിക് ഹിയറിങ്ങിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.
ഈ വിവരങ്ങൾകൂടി ചേർത്ത്, ആവശ്യമെങ്കിൽ കരടിൽ മാറ്റം വരുത്തി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. 100 ദിവസ കാലാവധിയാണ് ടെൻഡറിൽ കാണിച്ചിരുന്നത്. സാമൂഹികാഘാതപഠനം പൂർത്തിയാക്കാൻ നിയമപ്രകാരം ആറുമാസമാണ് പരമാവധി കാലാവധി. അതുകഴിഞ്ഞാൽ സ്വാഭാവികമായും വിജ്ഞാപനം റദ്ദാവും. ആവശ്യമെങ്കിൽ സർക്കാറിന് കാലാവധി വീണ്ടും നീട്ടി നൽകാം. അനുഭവപരിചയമുള്ള ജീവനക്കാർക്കൊപ്പം പ്രദേശത്തുള്ളവരെയും ഉൾപ്പെടുത്തിയാണ് സർവേ ടീം രൂപവത്കരിക്കുക. 23 വില്ലേജിലാണ് സർവേ നടത്തേണ്ടത്. 19 വില്ലേജ് എന്നാണ് വിജ്ഞാപനത്തിൽ വന്നത്. ഇത് മാറ്റി പുതിയ വിജ്ഞാപനം ഇറക്കും. 40 ശതമാനം ഇടങ്ങളിലേ കല്ലിടൽ പൂർത്തിയായിട്ടുള്ളൂ. കല്ലിടാത്ത ഇടങ്ങളിൽ കെ-റെയിൽ അധികൃതർ അതിർത്തി കാണിച്ചുനൽകും. പ്രവർത്തനങ്ങൾ ഏകീകരിക്കാൻ ഏജൻസിയുടെ ഓഫിസ് കണ്ണൂരിൽ ഉടൻ തുറക്കും. 1971ൽ ആരംഭിച്ച നാഷനൽ വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന ഏജൻസിയുടെ സ്റ്റേറ്റ് ചാപ്റ്ററാണ് കെ.വി.എച്ച്.എസ്. കോട്ടയമാണ് കേരളത്തിലെ ആസ്ഥാനം. പൊതുജനാരോഗ്യരംഗത്ത് നിരവധി സർക്കാർ പദ്ധതികൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഏജൻസി കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം, മട്ടന്നൂർ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, കണ്ണൂർ വിമാനത്താവളം പുനരധിവാസപദ്ധതി, കോഴിക്കോട് പേരാമ്പ്ര ബൈപാസ് തുടങ്ങിയവക്കായി 2017-18 വർഷം 15 സാമൂഹികാഘാതപഠനങ്ങൾ നടത്തിയിട്ടുണ്ടെന്ന് കെ.വി.എച്ച്.എസ് എക്സിക്യൂട്ടിവ് ഓഫിസർ സാജു വി. ഇട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.