കൊയിലാണ്ടി: കെ-റെയിലും ബുള്ളറ്റ് ട്രെയിനും മൂലധനത്തിന്റെ അന്താരാഷ്ട്ര പാത തുറക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധ പട്കർ പറഞ്ഞു.
കെ-റെയിൽവിരുദ്ധ ജനകീയ സമിതി കാട്ടിലപ്പീടികയിൽ നടത്തുന്ന സത്യഗ്രഹത്തിന്റെ 466ാം ദിവസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജപ്പാനാണ് സഹായവുമായി രംഗത്തുള്ളത്. വിറ്റുപോകാത്ത ഉൽപന്നങ്ങളാണ് അവർ നൽകുന്നത്. യന്ത്രങ്ങൾ, കോച്ചുകൾ എന്നിവ നമുക്കു തന്ന് ലാഭമുണ്ടാക്കുന്നു. പോയന്റ് ഒരു ശതമാനം പലിശ മാത്രമാണെന്നാണ് പറയുന്നത്. ഇത് ചെറുതല്ല. യെൻ നാണയത്തിലാണ് വായ്പ. അഞ്ചുവർഷം കൂടുംതോറും അതിന്റെ വില പല മടങ്ങായി മാറും. വിദേശനാണയത്തിന്റെ മൂല്യം മാറുന്നതനുസരിച്ച് പലിശ വൻ മടങ്ങായി വർധിക്കുമ്പോൾ തിരിച്ചടവ് വലിയ ബാധ്യതയാകും. യഥാർഥത്തിൽ ഇത് കെ-റെയിൽ അല്ല, ജെ-റെയിലാണ്. ജപ്പാന്റെ റെയിൽ. ഒട്ടനവധി അന്താരാഷ്ട്ര സ്ഥാപനങ്ങൾ പണവുമായി വരും. അവരാണ് പിന്നെ ഇവിടത്തെ വികസന പദ്ധതികൾ തീരുമാനിക്കുകയെന്നും അവർ പറഞ്ഞു.
ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജന. കൺവീനർ എസ്. രാജീവ്, നർമദാ ബച്ചാവോ ആന്തോളൻ സമരനേതാവ് ദേവ് റാം ഭായ്പ, സി.ആർ. നീലകണ്ഠൻ, പ്രഫ. കുസുമം ജോസഫ്, വിജയരാഘവൻ ചേലിയ, കെ. മൂസക്കോയ, നസീർ ന്യൂ ജെല്ല, പി.കെ. ഷിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.