തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയർന്ന പ്രതിഷേധ സമരങ്ങൾ ഇടവേളക്കു ശേഷം വീണ്ടും സജീവമാകുന്നു. പദ്ധതിക്ക് അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചതോടെ അതിവേഗ റെയിലിനെതിരെ അതിരൂക്ഷ പ്രതിഷേധത്തിനാണ് സാധ്യത.
സിൽവർ ലൈൻ പദ്ധതിയുമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ശക്തമായ സമരപരിപാടി സംഘടിപ്പിക്കാൻ കെ-റെയിൽ -സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ടമായി നവംബർ 13ന് എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധപ്രകടനവും നടത്തും. വിവിധ ജില്ലകളിൽ ഇതിനകം പ്രതിഷേധ പരിപാടി ആരംഭിച്ചിട്ടുണ്ട്.
വാഹന പ്രചാരണ ജാഥയടക്കം ബോധവത്കരണ പ്രവർത്തനങ്ങളും വ്യാപിപ്പിക്കും. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതൃത്വത്തിൽ ആഗസ്റ്റ് ആറിന് അലൈൻമെന്റ് പ്രദേശത്തെ 25,000 ജനങ്ങളും പാർലമെൻറ് അംഗങ്ങളും ഒപ്പിട്ട വിശദ നിവേദനം റെയിൽവേ മന്ത്രിക്ക് നൽകിയിരുന്നു.
ഇതിനോട് അനുകൂല സമീപനം സ്വീകരിച്ച കേന്ദ്രം നിലപാട് മാറ്റിയതോടെ ശക്തമായ സമരം സംഘടിപ്പിക്കാതെ മാർഗമില്ലെന്ന വിലയിരുത്തലിലാണ് സമരസമിതി. ആലുവ മുനിസിപ്പൽ അംബേദ്കർ ഹാളിൽ 13ന് നടക്കുന്ന പ്രതിരോധ സംഗമം ഡോ.എം.പി. മത്തായി ഉദ്ഘാടനം ചെയ്യും. പദ്ധതി കേരളത്തിൽ സൃഷ്ടിക്കാനിടയുള്ള ഗുരുതര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നടക്കുന്ന സെമിനാറിൽ പരിസ്ഥിതി പ്രവർത്തകൻ ഡോ. ശ്രീധർ രാധാകൃഷ്ണൻ വിഷയം അവതരിപ്പിക്കും.
കേരളത്തിലെ റെയിൽവേ യാത്രാദുരിതം അതിവേഗ ട്രെയിനുകൾകൊണ്ടോ ആഡംബര യാത്രകൊണ്ടോ പരിഹരിക്കാവുന്നതല്ലെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് കെ-റെയിൽ/ സിൽവർ ലൈൻ എന്ന അതിസമ്പന്നർക്കായി തയാറാക്കുന്ന പദ്ധതി പരിഹാരമാവില്ലെന്ന് സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ പറഞ്ഞു.
കേന്ദ്ര അനുമതിയുമായി സിൽവർ ലൈൻ നടപ്പാക്കാൻ വന്നാൽ ജനങ്ങൾ ചെറുത്തു തോൽപ്പിക്കും. തീക്കൊള്ളികൊണ്ടു തല ചൊറിയാതിരിക്കുന്നതാണ് നല്ലത്. സിൽവർലൈൻ അനുകൂലികൾക്ക് വോട്ടില്ല എന്ന മുൻ നിലപാട് തന്നെയാണ് സമിതി ഈ ഉപതെരഞ്ഞെടുപ്പിലും സ്വീകരിക്കുകയെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.