മാനന്തവാടി: ജോയന്റ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പി.എ. സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വകുപ്പുതല നടപടി. ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് അജിതകുമാരിയെ കോഴിക്കോട് ആര്.ടി ഓഫിസിലേക്ക് സ്ഥലം മാറ്റിയാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണർ എം.ആര്. അജിത് കുമാര്‍ ഉത്തരവിറക്കിയത്. ഇതോടെ, 11 പേരെ സ്ഥലം മാറ്റണമെന്ന ശിപാർശ കടലാസിലൊതുങ്ങി.
ഏപ്രിൽ ആറിനാണ് സിന്ധുവിനെ സഹോദരന് എള്ളുമന്ദത്തെ പി.എ. ജോസിന്റെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫിസില്‍ മാനസികസമ്മര്‍ദം അനുഭവിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്ന സിന്ധുവിന്റെ കുറിപ്പുകള്‍ മരണശേഷം ലഭിച്ചിരുന്നു. ഇതിൽ സഹപ്രവര്‍ത്തകയായിരുന്ന അജിതകുമാരിക്കെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഇവരോട് അവധിയില്‍ പ്രവേശിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്. രാജീവാണ് സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്വേഷിച്ച് ഏപ്രില്‍ 11ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഓഫിസിലെ ജീവനക്കാരെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റണമെന്ന് റിപ്പോർട്ടിൽ ശിപാർശ ഉണ്ടായിരുന്നു. എന്നാൽ, ഇത് നടപ്പായിട്ടില്ല.
ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എ.കെ. ശശികുമാര്‍ വെള്ളിയാഴ്ച ജില്ലയിലെ ആര്.ടി. ഓഫിസുകളിൽ സന്ദര്‍ശനം നടത്തും. ജില്ലയിലെ ആര്.ടി. ഓഫിസിലും സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളിലും വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. ആര്.ടി ഓഫിസുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളാണെന്ന ആരോപണത്തെ തുടര്‍ന്നാണ് വകുപ്പ് മന്ത്രിയും ട്രാന്‍സ്പോർട്ട് കമീഷണറും ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.