കാഞ്ഞങ്ങാട്: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനംചെയ്ത് പണം വാങ്ങി വർഷമായി മുങ്ങിനടന്ന ആലപ്പുഴ സ്വദേശിയെ ചിറ്റാരിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കല്ലുമല തെക്കേക്കര ചെറുകുന്നം കനാൽ ജങ്ഷനിൽ വളക്കോട്ടുതറയിൽ എൻ. പ്രസാദാണ് (55) അറസ്റ്റിലായത്.
ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നിർദേശത്തെ തുടർന്ന് എസ്.ഐമാരായ അരുണൻ, രതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. ജയരാജൻ, സിവിൽ പൊലീസ് ഓഫിസർ സജീഷ് എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ചിറ്റാരിക്കൽ നിരത്തുംതട്ട് സ്വദേശി മാത്തുക്കുട്ടിയിൽനിന്ന് 1,75,500 രൂപയാണ് വാങ്ങിയത്. 2022ലാണ് പണം വാങ്ങിയത്. മംഗളൂരുവിൽ ഇന്റർവ്യൂ നടത്തിയ ശേഷമാണ് പണം വാങ്ങിയത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ വാങ്ങിയ പണമോ തിരിച്ചുലഭിക്കാത്തതിനെ തുടർന്നാണ് മാത്തുക്കുട്ടി പൊലീസിൽ പരാതി നൽകിയത്.
കാഞ്ഞങ്ങാട്: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനംചെയ്ത് പണം തട്ടി മുങ്ങിയ പ്രസാദിനെ പൊലീസ് പിടികൂടിയത് മുംബൈയിലുൾപ്പെടെ തിരച്ചിൽ നടത്തിയശേഷം. പ്രതി ആൾമാറാട്ടവും നടത്തി. സുരേഷ് ഗോപി നാരായണൻ എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ചിറ്റാരിക്കലിലും പരിസരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിൽ നോട്ടീസ് പതിച്ചാണ് ഉദ്യോഗാർഥികളെ വലയിലാക്കിയത്. പോസ്റ്ററിലെ നമ്പർ കണ്ടാണ് മാത്തുക്കുട്ടി പ്രസാദിനെ ബന്ധപ്പെടുന്നത്. ഇതോടെ മംഗളൂരുവിലെ ഓഫിസിലേക്കെത്താൻ പറഞ്ഞു. എ.സി സൗകര്യമുള്ള വലിയ മുറിയിലായിരുന്നു ഇന്റർവ്യൂ. എന്നാൽ, ഈ മുറിയും താൽക്കാലികമായി ഒരുക്കിയതാണെന്ന് പൊലീസ് പറഞ്ഞു.
ഇന്റർവ്യൂ കഴിഞ്ഞതിനുശേഷം രേഖകളും പണവും കൈമാറി. എന്നാൽ, ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞ് വിസ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കാത്തതിനാൽ പ്രസാദിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടാതായി. ഇതോടെയാണ് സംശയം തോന്നി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷിക്കുന്നതിനിടയിൽ സുരേഷ് ഗോപി നാരായണൻ എന്നയാൾ അറസ്റ്റിലായി. ചോദ്യംചെയ്യലിൽ യഥാർഥ സുരേഷ് ഗോപി നാരായണൻ ഇയാളാണെന്ന് വ്യക്തമായി. ഇയാളുടെ പേരും ആധാർ കാർഡും അക്കൗണ്ടും ഉപയോഗിച്ചാണ് പ്രസാദ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ, യഥാർഥ സുരേഷ് ഗോപി നാരായണനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. രണ്ടാംപ്രതിയാണ് ഇയാൾ. മുംബൈ കേന്ദ്രീകരിച്ചാണ് പ്രസാദ് തട്ടിപ്പ് നടത്തിവന്നിരുന്നത്. പ്രസാദിനെ തേടി പൊലീസ് സംഘം മുംബൈ, കോയമ്പത്തൂർ, കോവളം എന്നിവിടങ്ങളിൽ ദിവസങ്ങളോളം കറങ്ങിയിരുന്നു. മുംബൈയിൽ പറഞ്ഞ വിലാസമന്വേഷിച്ചുപോയപ്പോൾ അത്തരമൊരു വിലാസം ഇല്ലെന്നാണ് തെളിഞ്ഞത്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.