കണ്ണൂർ: ഭരണകൂടം വെട്ടിമുറിച്ച് വികൃതമാക്കിയ ചരിത്രമാണ് കാമ്പസുകളിൽനിന്ന് പുതുതലമുറ പഠിപ്പിക്കപ്പെടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. എസ്.ഐ.ഒ കേരള കണ്ണൂരിൽ സംഘടിപ്പിച്ച കാമ്പസ് കേഡർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിനായി പോരാടിയ ടിപ്പു സുൽത്താനും നാടിന് പ്രൗഢസംഭാവനകൾ നൽകിയ മുഗൾ ഭരണാധികാരികളുമെല്ലാം പൈശാചികവത്കരിക്കപ്പെടുന്ന, സംഘ്പരിവാർ നിർമിച്ചെടുക്കുന്ന ചരിത്രമാണ് ഇപ്പോൾ രാജ്യത്ത് പഠിപ്പിക്കപ്പെടുന്നത്. ഈയൊരു കാലത്ത് കാമ്പസിൽ നീതിക്കായി എഴുന്നേറ്റ് നിൽക്കൽ അനിവാര്യവും ഏറെ പ്രയാസം നിറഞ്ഞതുമാണ്. ആ ദൗത്യം ഏറ്റെടുക്കാൻ അഭിമാനപൂർവം തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. മണിപ്പൂരിൽ വംശഹത്യയോട് പൊരുതുന്ന കുക്കി-ക്രിസ്ത്യൻ ജനതക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി. ശാകിർ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് പുള്ളിപ്പാറ, അഡ്വ. അമീൻ ഹസ്സൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ സമാപന പ്രസംഗം നിർവഹിച്ചു. നിയാസ് വേളം, സഹൽ ബാസ്, മിസ്അബ് ഷിബിലി, മുബാറക് ഫറോക്ക്, സ്വലീൽ ഫലാഹി, ഇസ്ഹാഖ് അസ്ഹരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.