വേദനയോടെ സിസ്റ്റർ ലൂസി ചോദിക്കുന്നു; ദിവ്യക്ക് നീതി കിട്ടുമോ 

കോഴിക്കോട്: തിരുവല്ല ബസേലിയന്‍ സിസ്‌റ്റേഴ്‌സ് കോണ്‍വെന്‍റിലെ കിണറ്റില്‍ സന്യാസിനി വിദ്യാർഥിനി ദിവ്യ പി. ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര. ദിവ്യയുടെ മരണത്തിന് ഉത്തരവാദി ആരാണെന്നും ഈ മരണത്തിനെങ്കിലും നീതി കിട്ടുമോയെന്നും ലൂസി കളപ്പുര ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. 

കോൺവെന്‍റുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 15ഓളം സന്യാസിനികളെ കുറിച്ച് ലൂസി കളപ്പുര പറയുന്നു. കഴിഞ്ഞ 35 വർഷത്തിലേറെയായി ഒരു സന്ന്യാസിനിയായി ജീവിക്കുന്നതിനിടയിൽ തനിക്ക് നേരിട്ട് കാണാനും കേൾക്കാനും ഇടയായ സംഭവങ്ങളുടെ എണ്ണം പോലും എത്രയോ അധികമാണ്. ഈ കേസുകളിൽ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്?  

ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങൾ കൂടി വേണം ഈ സമൂഹത്തിന്‍റെ കണ്ണുതുറക്കാൻ? തന്നെപ്പോലെ ആരെങ്കിലും എവിടെയെങ്കിലും ഈ സത്യങ്ങളൊക്കെ വിളിച്ചു പറയാൻ തയ്യാറായാൽ അവരെ ജീവനോടെ കത്തിക്കാൻ പോലും മടിക്കില്ല ഈ കൂട്ടം എന്നെനിക്കറിയാം. ഇനിയുമിതെല്ലാം കണ്ടും കേട്ടും ഒരു മൃതശരീരം പോലെ ജീവിക്കാൻ സാധ്യമല്ലായെന്നും സിസ്റ്റർ ലൂസി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സന്യാസിനിയാണ് സിസ്റ്റർ ലൂസി കളപ്പുര. ഇതിന്‍റെ പേരിൽ ഇവരെ സഭയിൽനിന്ന് പുറത്താക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം... 

വളരെ വേദനയോടെ ആണ് ഈ വരികൾ എഴുതുന്നത്… 

കഴിഞ്ഞ അഞ്ചുവർഷങ്ങളായി സന്ന്യാസിനി വിദ്യാർത്ഥിനിയായി കന്യാമഠത്തിനുള്ളിൽ കഴിഞ്ഞുവന്ന ദിവ്യ പി ജോണി എന്ന പെൺകുട്ടിയുടെ  ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളിൽ പ്രാണവായു കിട്ടാതെ പിടഞ്ഞു തീർന്ന വാർത്തയാണ് ഇന്ന്(7/5/2020) കേൾക്കേണ്ടി വന്നത്. വെറും 21 വയസു മാത്രമാണ് മരിക്കുമ്പോൾ ആ പാവം പെൺകുരുന്നിന്റെ  പ്രായം. ജീവിതം മുഴുവൻ ബാക്കി കിടക്കുന്നു. എന്താണാ പാവത്തിന് സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? ദിവ്യയുടെ  മാതാപിതാക്കന്മാർ ജീവിതകാലം മുഴുവൻ നീതി കിട്ടാതെ അലയുന്ന കാഴ്ച്ച കൂടി നാമെല്ലാം കാണേണ്ടി വരുമോ? ഇത്തവണയെങ്കിലും പോലീസ് പഴുതുകൾ അടച്ചു അന്വേഷിക്കും എന്ന് കരുതാമോ? 

പ്രതീക്ഷ വളരെ കുറവാണെനിക്ക്. കന്യാസ്‌ത്രീ മരണങ്ങളൊന്നും വാർത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. കന്യാസ്‌ത്രീ മഠങ്ങൾക്കുള്ളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാർത്തകൾ ബധിര കർണ്ണങ്ങളിൽ ആവർത്തിച്ചാവർത്തിച്ചു പതിച്ചുകൊണ്ടേയിരിക്കുകയല്ലേ. കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങുന്ന ഹൃദയവും കന്യാമഠങ്ങളിലെ ഏതൊരു  അന്തേവാസിക്കും അന്യമായിരിക്കില്ല. അടിമത്തവും വിവേചനങ്ങളും അടിച്ചമർത്തലുകളും ഭയപ്പാടുകളും കടിച്ചമർത്തുന്ന വേദനകളുമൊക്കെത്തന്നെയാണ് ഓരോ കന്യാസ്‌ത്രീയുടേയും ജീവിത കഥ. കഴിഞ്ഞ മുപ്പത്തഞ്ചു വർഷത്തിലേറെയായി ഒരു സന്ന്യാസിനിയായി ജീവിക്കുന്നതിനിടയിൽ എനിക്ക് നേരിട്ട്  കാണാനും കേൾക്കാനും ഇടയായ സംഭവങ്ങളുടെ എണ്ണം പോലും എത്രയധികമാണ്. ജീവനറ്റ നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീകളുടെ ലിസ്റ്റ് പോലും എത്ര വലുതാണ് എന്നു കാണുമ്പോൾ ഹൃദയത്തിലെവിടെയോ ഒരു വെള്ളിടി വീഴും.

1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ

1990:  കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല

1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ

1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി 

1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ് 

1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി 

1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്

2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി

2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്

2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ 

2008: ‍ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ

2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി

2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല 

2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ

2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ  സിസ്റ്റര്‍ സൂസൻ മാത്യു.

ഇപ്പോഴിതാ ഈ നിരയിലേക്ക്  തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ  കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും കൂടി...

ഈ കേസുകളിൽ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? തെളിവുകൾ അപ്രത്യക്ഷമാകുന്നതും, സാക്ഷികൾ കൂറ് മാറുന്നതും, കൊല്ലപ്പെട്ട പാവം സ്‌ത്രീയുടെ മേൽ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്നതും, അതും പോരെങ്കിൽ മനോരോഗാശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകൾ ഹാജരാക്കപ്പെടുന്നതുമൊക്കെയുള്ള നാടകങ്ങൾ എത്ര തവണ കണ്ടു കഴിഞ്ഞതാണ് നമ്മളൊക്കെ.  

ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങൾ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാൻ? ഈ കന്യാസ്‌ത്രീ വസ്ത്രങ്ങൾക്കുള്ളിലുള്ളതും നിങ്ങളെയൊക്കെപ്പോലെ തന്നെയുള്ള  സാധാരണ മനുഷ്യർ തന്നെയാണ്. കുഞ്ഞുകുഞ്ഞു മോഹങ്ങളും പ്രതീക്ഷകളും സ്വപ്‌നങ്ങളും വേദനകളും കണ്ണീരുമൊക്കെയുള്ള ഒരു കൂട്ടം പാവം സ്‌ത്രീകൾ. പുലർച്ച മുതൽ പാതിരാ വരെ അടിമകളെപ്പോലെ പണിചെയ്യിച്ചാലും, അധിക്ഷേപിച്ചും അടിച്ചമർത്തിയും മനസു തകര്‍ത്താലും, പാതിരാത്രിയിൽ ഏതെങ്കിലും നരാധമന്റെ കിടപ്പു മുറിയിലേക്ക് തള്ളിവിട്ടാലും, ഒടുവിൽ പച്ചജീവനോടെ കിണറ്റിൽ മുക്കിക്കൊന്നാലുമൊന്നും ആരും ചോദിക്കാനില്ല ഞങ്ങൾക്ക്. എന്നെപ്പോലെ ആരെങ്കിലും എവിടെയെങ്കിലും ഈ സത്യങ്ങളൊക്കെ വിളിച്ചു പറയാൻ തയ്യാറായാൽ അവരെ ജീവനോടെ കത്തിക്കാൻ പോലും മടിക്കില്ല ഈ കൂട്ടം എന്നെനിക്കറിയാം. 

പക്ഷേ ഇനിയുമിത് കണ്ടുനിൽക്കാൻ കഴിയില്ല. ലോകത്തിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കാൻ തയ്യാറായിത്തന്നെയാണ് നിത്യവ്രതമെടുത്ത് ഒരു സന്ന്യാസിനിയായത്. സത്യങ്ങൾ വിളിച്ചു പറയുന്നു എന്ന ഒറ്റകാരണം കൊണ്ട്  ഈ ജീവൻ കൂടിയങ്ങ് പോയാൽ അതാണ് എന്റെ നിയോഗം എന്ന് കരുതും ഞാൻ. പക്ഷേ ഇനിയുമിതെല്ലാം കണ്ടും കേട്ടും ഒരു മൃതശരീരം പോലെ ജീവിക്കാൻ സാധ്യമല്ല!!

Tags:    
News Summary - sister lucy kalappura facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.