ഹേമ കമ്മിറ്റി: 20ലധികം പേരുടെ മൊഴി ​ഗൗരവതരമെന്ന് അന്വേഷണസംഘം; നിയമനടപടി സ്വീകരിച്ചേക്കും

തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുൻപാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇവരിൽ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ ഒക്ടോബർ മൂന്നിനകം കേസെടുക്കും. പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിലാണ് ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നത്. മറ്റു ചില പരാതികളിൽ അന്വേഷണം മുന്നോട്ടു പോകുന്നുണ്ടെങ്കിലും, ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം ലഭിച്ച സാഹചര്യത്തിൽ എസ്.ഐ.ടി സ്വീകരിക്കുന്ന തുടർ നടപടികൾ എന്താകുമെന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. കമ്മിറ്റിക്കു മുൻപാകെ സിനിമ മേഖലയിലെ നിരവധിപേർ നൽകിയ മൊഴികൾ അന്വേഷണ സംഘം വിലയിരുത്തി. വിവിധ ഉദ്യോഗസ്ഥരാണ് ഓരോ മൊഴിയും പരിശോധിച്ചത്. തുടർന്നു നടത്തിയ യോഗത്തിലാണ് ഇരുപതിലേറെ മൊഴികൾ ഗൗരവതരമെന്ന് വിലയിരുത്തിയത്.

റിപ്പോർട്ടുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാർ അടുത്ത മാസം മൂന്നിന് ഹൈകോടതിയെ അറിയിക്കേണ്ടതുണ്ട്. അതിനു മുന്നോടിയായി തുടർനടപടി സ്വീകരിക്കേണ്ടതുണ്ട്. 3896 പേജുകളുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. മൊഴി നൽകിയവരിൽ പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടാനും ആലോചനയുണ്ട്. വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ തന്നെയാകും ഇതിന് നേതൃത്വം നൽകുക. 

Tags:    
News Summary - SIT find more than 20 statements in Hema Committee Report are serious in nature, may take legal action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.