തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആൺ, പെൺ വ്യത്യാസമില്ലാത്ത ഇരിപ്പിടം ഒരുക്കുന്നത് സംബന്ധിച്ച പരാമർശം കരിക്കുലം കോർ കമ്മിറ്റി അംഗങ്ങളുടെ ചർച്ചക്കുവേണ്ടി തികച്ചും അനൗദ്യോഗികമായി നൽകിയ കരട് രേഖയിലാണ് ഉൾപ്പെടുത്തിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.
കോർ കമ്മിറ്റി അംഗങ്ങളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും പരിശോധനക്കും മെച്ചപ്പെടുത്തലിനും ശേഷമേ ഈ രേഖ ഔദ്യോഗികമായി പ്രസിദ്ധീകരിക്കൂവെന്നും പി. ഉബൈദുല്ലയെ മന്ത്രി രേഖാമൂലം അറിയിച്ചു. സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കുന്നതിന് പൊതുജന ചർച്ചക്കായുള്ള കരട് കുറിപ്പിലാണ് ലിംഗഭേദമില്ലാത്ത ഇരിപ്പിടം നടപ്പാക്കുന്നത് ചർച്ചക്കായി ഉൾപ്പെടുത്തിയിരുന്നത്.
മതസംഘടനകളിൽനിന്ന് ഉൾപ്പെടെ പ്രതിഷേധം കനത്തതോടെ പരിഷ്കരിച്ചിറക്കിയ കുറിപ്പിൽനിന്ന് ഇരിപ്പിടത്തിലെ സമത്വം എന്ന നിർദേശം ഒഴിവാക്കിയിരുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട വിശാലമായ ജനകീയ ചർച്ച നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടില്ല. സ്കൂളിലെ യൂനിഫോം രീതികൾ തീരുമാനിക്കുന്നത് പി.ടി.എ ആണ്. ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കിയ സ്കൂളുകളുടെ കണക്കെടുപ്പ് നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.